10 രൂപ നാണയങ്ങൾ കൊണ്ട് കുട്ടികൾ വാങ്ങി ഹോണ്ട ആക്ടീവ

Image Source: Udaipur Times

ദീപാവലി ദിവസം സമ്മാനങ്ങൾ കൊടുക്കുന്ന പതിവുണ്ട്. അന്നേ ദിവസം നിരവധി സമ്മാനങ്ങളാണ് കുട്ടുകൾക്ക് ലഭിക്കുക. എന്നാൽ ഉദയ്പൂരിലെ രണ്ടു കുട്ടികളുടെ സർപ്രൈസ് സമ്മാനമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ദീപാവലി ദിവസം ഹോണ്ടയുടെ ഷോറൂം അടയ്ക്കാറായപ്പോഴാണ് രണ്ടു കുട്ടികൾ വന്നു കയറിയത്. അവർക്ക് ഒരു ആക്ടീവ വേണം. എട്ടു വയസുകാരൻ യാഷിനും 13 വയസുകാരി രൂപാലുമാണ് ആക്ടീവ വാങ്ങാൻ എത്തിയത്.

കുട്ടികൾ എത്തിയതാകട്ടെ 62000 രൂപയുടെ പത്തുരൂപ നാണയങ്ങളുമായി. ഹോണ്ട ഡീലർഷിപ്പിൽ നിന്ന് ആദ്യം അനുകൂലമായ മറുപടിയല്ല ലഭിച്ചത്. കുട്ടിക്കളിയാണെന്ന് കരുതിയാണ് നിരസിച്ചത്. എന്നാൽ കുട്ടികൾ പറഞ്ഞ കഥകേട്ട് വാഹനം വാങ്ങുന്നതിന്റെ ഉദ്ദേശം മനസിലാക്കിയ ഷോറൂം മാനേജർ ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഡീലർഷിപ്പിലെ ജീവനക്കാർ രണ്ടര മണിക്കൂർ സമയം കൊണ്ടാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്.

കുട്ടികളുടെ രണ്ടു വർഷത്തെ സമ്പാദ്യമായിരുന്നു 62000 രൂപ. പോക്കറ്റ് മണിയായി ലഭിക്കുന്ന പണം പത്തുരൂപ നാണയമാക്കി മാറ്റിയാണ് ഇവർ സൂക്ഷിച്ചത്. വീട്ടുകാർ അറിയാതെ ഒരു ബന്ധുവുമായി ആക്ടീവ വാങ്ങാൻ എത്തിയ ഇവർ മാതാപിതാക്കൾക്ക് നൽകിയതൊരു അപ്രതീക്ഷിത സമ്മാനമായിരുന്നു. 

രാജ്യത്ത് ഏറ്റവും അധികം വിൽപ്പനയുള്ള ഇരുചക്രവാഹനമാണ് ഹോണ്ട ആക്ടീവ. സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 109 സി സി എൻജിനാണ് ‘ആക്ടീവ ഫോർ ജി’ക്കു കരുത്തേകുന്നത്; പരമാവധി എട്ട് ബിഎച്ച്പി കരുത്തും ഒമ്പത് എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ