പ്രീമിയം എസ‌്‌യുവി സെഗ്‌മെന്റിൽ മൽസരിക്കാൻ മാരുതി

Suzuki Vitara

പ്രീമിയം എസ്‌യുവി സെഗ്‌മെന്റിൽ മൽസരിക്കാൻ പുതിയ വാഹനവുമായി മാരുതി. എർട്ടിഗയുടെ പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന മൂന്നുനിര സീറ്റുകളുള്ള ക്രോസ് ഓവറിനെയായിരിക്കും മാരുതി വിപണിയിലെത്തിക്കുക. വൈഎച്ച്ബി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനത്തിനു സ്പോർട്ടി ലുക്ക് ആയിരിക്കുമെന്നാണ് കമ്പനിയോടടുത്ത വ‍ൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന.

ടാറ്റ ഹെക്സ, മഹീന്ദ്ര എക്സ്‌യുവി തുടങ്ങി ജീപ്പ് കോംപസ് വരെയുള്ള വാഹനങ്ങളെ ലക്ഷ്യം വെയ്ക്കുന്ന വൈഎച്ച്ബി 2019–ൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ വിപണിയിൽ നിന്ന് പിൻവലിച്ച കിഷാഷിയുടെ പകരക്കാരനെയും വാഗൺ ആർ എംപിവിയെയും കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്. കമ്പനിയുടെ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്കായ നെക്സ വഴിയായിരിക്കും പുതിയ വാഹനങ്ങളുടെ വിൽപ്പന.

നെക്സ വഴി വിൽപ്പനയ്ക്കെത്തിച്ച വാഹനങ്ങൾക്കു ലഭിക്കുന്ന മികച്ച പ്രതികരണമാണ് പുതിയ പ്രീമിയം കാറുകളെ പുറത്തിറക്കാൻ മാരുതിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗികമായി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനായിരിക്കും പുതിയ ക്രോസ് ഓവറിനും കരുത്തുപകരുക. 12 മുതൽ 18 ലക്ഷം രൂപ വരെയാണ് പുതിയ ക്രോസ് ഓവറിന് പ്രതീക്ഷിക്കുന്ന വില.