‘ഹുറാകാൻ’, ‘അവന്റഡോർ’ വിൽപ്പന ഉയരങ്ങളിൽ

Lamborghini Huracan

‘ഹുറാകാൻ’, ‘അവന്റഡോർ’ വിൽപ്പനയിൽ പുതിയ ഉയരങ്ങളിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആഡംബര സൂപ്പർ കാർ — സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗ്നി. ‘ഹുറാകാൻ’ നിർമാണം 9,000 യൂണിറ്റ് പൂർത്തിയാക്കിയപ്പോൾ ‘അവന്റഡോറു’കളുടെ എണ്ണം 7,000 ആണു പിന്നിട്ടത്. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡാണു ലംബോർഗ്നി. 

നിരത്തിലെത്തി ആറു വർഷത്തിനകമാണ് ‘അവന്റഡോർ’ 7,000 യൂണിറ്റിലെത്തുന്നത്; യു എസ് വിപണിക്കായി നിർമിച്ച ‘അവന്റഡോർ എസ് റോഡ്സ്റ്ററി’ലൂടെയാണ് ലംബോർഗ്നി ഈ നേട്ടത്തിലെത്തുന്നത്.  അതേസമയം ഉൽപ്പാദനം തുടങ്ങി മൂന്നാം വർഷത്തിലാണു ‘ഹുറാകാൻ’ 9,000 യൂണിറ്റ് പൂർത്തിയാക്കുന്നത്. ദുബായിലുള്ള ഉടമസ്ഥനു വേണ്ടിയാണ് 9,000 എന്ന ഷാസി നമ്പറും  ബ്ലൂ നെതൻസ് നിറവുമുള്ള ‘ഹുറാകാൻ പെർഫോമന്റെ’ നിർമിച്ചത്.

അതേസമയം, ലംബോർഗ്നിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവുമധികം ഉൽപ്പാദിപ്പിച്ച മോഡൽ ‘ഹുറാകാൻ’ അല്ല. 11 വർഷത്തെ ഉൽപ്പാദനത്തിനിടെ 14,000 യൂണിറ്റ് നിർമിച്ച ‘ഗയാഡൊ’യ്ക്കാണ് ആ ബഹുമതി. പക്ഷേ ഇപ്പോഴത്തെ നില തുടർന്നാൽ ‘ഹുറാകാൻ’ ഈ റെക്കോഡ് പഴങ്കഥയാക്കാൻ സാധ്യതയേറെയാണ്.