മണിക്കൂറിൽ 483 കിലോമീറ്റർ വേഗത്തിൽ പറക്കാൻ‌ വെനം എഫ് ഫൈവ്

Hennessey Venom F5 Hypercar

വേഗമേറിയ കാർ എന്ന വിശേഷണം മിക്കപ്പോഴും ബ്യുഗാട്ടിയുടെ കുത്തകയാണ്; റോഡിലെ വേഗരാജാവായി വാഴ്ത്തപ്പെടാറുള്ളതാവട്ടെ ‘ചിറോൺ’ ആണ്. ഇടയ്ക്കിടെ പുത്തൻ വേഗ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തിരുത്തുന്നതും ഹൈപ്പർകാറായ ‘ചിറോണി’ന്റെ പതിവുമാണ്. എന്നാൽ വേഗത്തിന്റെ കാര്യത്തിൽ ‘ചിറോണി’നു വെല്ലുവിളി സൃഷ്ടിക്കാനാണ് യു എസിലെ ട്യൂണിങ് ഹൗസായ ഹെന്നെസ്സി പെർഫോമൻസ് എൻജിനീയറങ്ങിന്റെ പടപ്പുറപ്പാട്. ‘വെനം എഫ് ഫൈവി’ന്റെ പരമാവധി വേഗം മണിക്കൂറിൽ 300 മൈൽ(ഏകദേശം 483 കിലോമീറ്റർ) എത്തുമെന്നാണു ഹെന്നെസ്സിയുടെ അവകാശവാദം.

വേഗത്തിന്റെ കാര്യത്തിൽ പേരും പെരുമയുമാർജിച്ച ‘വെനം ജി ടി’യുടെ പിൻമുറക്കാരനായാണ് ‘വെനം എഫ് ഫൈവി’ന്റെ വരവ്. 2014ൽ ബ്യുഗാട്ടിയുടെ വേഗരാജാവ് ‘വെറോണി’നെ പരാജയപ്പെടുത്തിയതായിരുന്നു ‘വെനം ജി ടി’ കൈവരിച്ച ഉജ്വല നേട്ടം. കൂടുതൽ വേഗത്തിനായി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കാർബൺ ഫൈബർ ഉപയോഗിച്ചായിരുന്നു ‘വെനം എഫ് ഫൈവി’ന്റെ നിർമാണം. ഇതോടെ കാറിന്റെ ഭാരം 1,600 കിലോഗ്രാമിൽ ഒതുങ്ങി. ‘ജി ടി ’യെ അപേക്ഷിച്ച് വലിപ്പമേറിയ ടർബോചാർജറും ഇന്റർകൂളറും കൂട്ടിനുള്ളതിനാൽ ‘വെനം എഫ് ഫൈവി’ലെ എൻജിന് 1,600 പി എസ് വരെ കരുത്ത് സൃഷ്ടിക്കാനാവും.

മണിക്കൂറിൽ 265.6 മൈൽ (അഥവാ 427 കിലോമീറ്റർ) ആയിരുന്നു ‘വെനം ജി ടി’ കൈവരിച്ച വേഗ റെക്കോർഡ്; എന്നാൽ ഫ്ളോറിഡയിലെ കേപ് കനാവെറലിലുള്ള കെന്നഡി സ്പേസ് സെന്ററിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ ‘വെനം എഫ് ഫൈവ്’ മണിക്കൂറിൽ 270.49 മൈൽ(ഏകദേശം 435.31 കിലോമീറ്റർ) വേഗം കൈവരിച്ചിരുന്നു. അടുത്തയിടെ ‘സ്പീഡ് ലിമിറ്റ് 300’ എന്നെഴുതിയ റോഡ് ചിഹ്നത്തിനു സമീപം ‘വെനം എഫ് ഫൈവ്’ പാർക്ക് ചെയ്തിരിക്കുന്ന ചിത്രവും ഹെന്നെസ്സി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

ചുഴലിക്കാറ്റിൽ നിന്നാണു ഹെന്നെസ്സി പുതിയ കാറിനു ‘വെനം’ എന്ന പേരു കണ്ടെത്തിയത്. അലൂമിനിയം നിർമിത 7.4 ലീറ്റർ, വി എയ്റ്റ് എൻജിനാണു കാറിനു കരുത്തേകുന്നത്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 186 മൈൽ(300 കിലോമീറ്റർ) വേഗത്തിലേക്കു പറക്കാൻ കാറിനു വെറും 10 സെക്കൻഡ് മതിയെന്നാണു നിർമാതാക്കളുടെ അവകാശവാദം.