ഹോണ്ടയ്ക്കു ബംഗ്ലദേശിൽ ബൈക്ക് നിർമാണശാല

ഹോണ്ട മോട്ടോർ കമ്പനി ബംഗ്ലദേശിൽ ഇരുചക്ര നിർമാണം ആരംഭിക്കുന്നു. ഹോണ്ടയുടെ സംയുക്ത സംരംഭമായ ബംഗ്ലദേശ് ഹോണ്ട ലിമിറ്റഡ്(ബി എച്ച് എൽ) ധാക്ക ഡിവിഷനിലെ മുൻഷിഗഞ്ച് ജില്ലയിലാണു പുതിയ ശാല സ്ഥാപിക്കുന്നത്. ശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ ബംഗ്ലദേശ് വ്യവസായ മന്ത്രി ആമിർ ഹൊസെയ്ൻ അമുവും ബംഗ്ലദേശിലെ ജപ്പാൻ സ്ഥാനപതി ഹിരൊയാസു ഇസുമി, ഹോണ്ട മോട്ടോർ കമ്പനി ചീഫ് ഓഫിസർ ഓഫ് റീജണൽ ഓപ്പറേഷൻസ് (ഏഷ്യ ആൻഡ് ഓഷ്യാനിയ) ഷിൻജി അവോയാമ, ബി എച്ച് എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ യുയ്ചിരൊ ഇഷി തുടങ്ങിയവർ പങ്കെടുത്തു.

ഹോണ്ട മോട്ടോർ സൈക്കിളുകളുടെ പ്രാദേശിക അസംബ്ലിങ് 2013 മുതൽ തന്നെ ബി എച്ച് എൽ നടത്തുന്നുണ്ട്; പാട്ടത്തിനെടുത്ത ശാലയിലാണു നിലവിൽ കമ്പനിയുടെ പ്രവർത്തനം. ‘സി ഡി 80’, ‘ഡ്രീം നിയോ 110’, ‘ലിവൊ 110’, ‘സി ബി ഷൈൻ 125’, ‘സി ബി ട്രിഗർ 150’ എന്നിവയാണ് ബി എച്ച് എൽ ബംഗ്ലദേശിൽ നിർമിക്കുന്നത്. ഒപ്പം ‘വെയ്വ്’, ‘സി ബി ആർ 150 ആർ’ എന്നിവ ഇറക്കുമതി ചെയ്തും വിൽക്കുന്നുണ്ട്. 

ഈ വിപണിയിലെ ഭാവി വികസന സാധ്യത മുന്നിൽ ഖണ്ടാണ് മുൻഷിഗഞ്ചിലെ അബ്ദുൽ മൊനിം ഇക്കണോമിക് സോണി(എ എം ഇ സെഡ്)ൽ ബി എച്ച് എൽ 25 ഏക്കർ ഭൂമി ഏറ്റെടുത്തത്. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കതിൽ നിന്ന് 50 കിലോമീറ്ററകലെ തെക്കുകിഴക്കായുള്ള പട്ടണമാണു മുൻഷിഗഞ്ച്. പുതിയ പ്ലാന്റിനും സ്ഥലത്തിനുമൊക്കെയായി 230 കോടി ബംഗ്ലദേശ് ടാക്ക(ഏകദേശം 187.58 കോടി രൂപ)യാണു ഹോണ്ട ചെലവഴിക്കുക.

അടുത്ത വർഷം രണ്ടാം പകുതിയോടെ പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന ശാലയുടെ വാർഷിക ഉൽപ്പാദനശേഷി ഒരു ലക്ഷം മോട്ടോർ സൈക്കിളുകളാണ്. 2021 ആകുമ്പോഴേക്ക് ഉൽപ്പാദനശേഷി രണ്ടു ലക്ഷം യൂണിറ്റായി ഉയർത്താവുന്ന വിധത്തിലാണു ശാലയുടെ രൂപകൽപ്പന. പുതിയ ശാല പ്രവർത്തനക്ഷമമാവുന്നതോടെ പ്രാദേശികമായി സമാഹരിക്കുന്ന യന്ത്രഘടകങ്ങളുടെ വിഹിതം ഗണ്യമായി ഉയർത്താനും ഹോണ്ട ലക്ഷ്യമിട്ടിട്ടുണ്ട്.

പ്രാദേശികതലത്തിലെ നിർമാണം സംബന്ധിച്ച നയം ബംഗ്ലദേശ് സർക്കാർ അടുത്തയിടെ പരിഷ്കരിക്കുകയും ഇക്കൊല്ലം സപ്ലിമെന്ററി ഡ്യൂട്ടി കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ മോട്ടോർ സൈക്കിളുകളുടെ വില കുറഞ്ഞത് വിൽപ്പന കാര്യമായി ഉയരാനിടയാക്കിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി — സെപ്റ്റംബർ കാലത്തു തന്നെ ബംഗ്ലദേശിൽ 2.70 ലക്ഷം മോട്ടോർ സൈക്കിളുകൾ വിറ്റഴിഞ്ഞിട്ടുണ്ട്; 2016ലെ മൊത്തം വിൽപ്പനയേക്കാൾ അധികമാണിത്. വരും വർഷങ്ങളിലും ബംഗ്ലദേശിൽ ബൈക്ക് വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷ.