ബുഗാട്ടിയുടെ റെക്കോർഡ് പഴങ്കഥ, മണിക്കൂറിൽ 458 കിലോമീറ്റർ വേഗം കൈവരിച്ച് അഗേര ആർഎസ്

Koenigsegg Agera RS

വേഗ രാജാവ് എന്ന റെക്കോർഡ് തിരിച്ചു പിടിച്ച് സ്വീഡിഷ് വാഹന നിർമ്മാതാക്കളായ കോണിസെഗ്. അഗേരയുടെ റെക്കോർഡ് തകർത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി മാറിയ ബുഗാട്ടിയുടെ വെയ്‌റോണിനോട് മധുര പ്രതികരം ചെയ്ത് അഗേര ആർഎസ്. ലോകത്തിലെ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതി സ്വീഡിഷ് സ്പോർട്സ് കാർ നിർമാതാക്കളായ കോണിസെഗ് ‘അഗേര ആർഎസ്’ സ്വന്തമാക്കി.

യുഎസിലെ നെവാഡ ഹൈവേയിലെ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 458 കിലോമീറ്റർ എന്ന സ്വപ്നവേഗം കൈവരിച്ചാണ് അഗേര ആർഎസ് വേഗരാജാവിന്റെ കിരീടം അണിഞ്ഞത്. 5 ലിറ്റർ ട്വിൻ ടെർബോചാർജ്ഡ് വി 8 എന്‍ജിനാണ് അഗേര ആർഎസിന് കരുത്തു പകരുന്നത്. 7800  ആർപിഎമ്മിൽ 1160 ബിഎച്ച്പി കരുത്തുൽപാദിപ്പിക്കും. 4100 ആർപിഎമ്മിൽ 1280 എൻഎമ്മാണ് അഗേര ആർ എസിന്റെ കൂടിയ ടോർക്ക്. 

2.9 സെക്കന്റുകൊണ്ട് 100 കീമി വേഗതയും 6.9 സെക്കന്റ് കൊണ്ട് 200 കിമി വേഗതയും കൈവരിക്കാൻ ശേഷിയുള്ള കാറാണ് അഗേര ആർ. ഈ വമ്പന്റെ ടോപ് സ്പീഡ് 420 കിമി ആണ്. 7 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർ ആണ് ഇതിനുള്ളത്. വേഗതയുള്ള കാർ എന്ന ഖ്യാതി സ്വന്തമാക്കി എന്ന് കോണിസെഗ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഗിന്നസ് അധികൃധർ റെക്കൊർഡ് സ്ഥിരീകരിച്ചിട്ടില്ല.