വൈദ്യുത കാർ: ലംബോർഗ്നിക്കു കൂട്ട് എം ഐ ടി

ബാറ്ററിയിൽ ഓടുന്ന സൂപ്പർ സ്പോർട്സ് കാർ യാഥാർഥ്യമാക്കാൻ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം ഐ ടി)യുടെ സഹായം തേടി ഇറ്റാലിയൻ നിർമാതാക്ഖളായ ലംബോർഗ്നി. എം ഐ ടിയുമായി സഹകരിക്കുമെന്ന തീരുമാനം പ്രഖ്യാപിച്ച വേളയിൽ തന്നെ പുത്തൻ ആശയമായ ‘ലംബോർഗ്നി ഓഫ് ദ് ടെർസൊ മില്ലെന്നിയൊ’യും ലംബോർഗ്നി പുറത്തിറക്കി. എം ഐ യിലെ രണ്ടു ലബോറട്ടറികളുടെ പിന്തുണയോടെ വൈദ്യുത സൂപ്പർ സ്പോർട്സ് കാർ നിരത്തിലെത്തിക്കാനാണു ജർമനിയിലെ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഔഡിയുടെ ഉടമസ്ഥതയിലുള്ള ലംബോർഗ്നി ലക്ഷ്യമിടുന്നത്.

അതിന്റെ നാന്ദിയെന്ന നിലയിലാണ് നാവെയുടെ രൂപകൽപ്പന — സാങ്കേതികവിദ്യ സിദ്ധാന്തങ്ങൾ സംഗമിക്കുന്ന ‘ലംബോർഗ്നി ഓഫ് ദ് ടെർസൊ മില്ലെന്നിയൊ’ കമ്പനി അനാവരണം ചെയ്തത്. ലംബോർഗ്നി എന്ന പേര് പ്രതിനിധീകരിക്കുന്ന കാഴ്ചപ്പകിട്ടും പ്രകടനക്ഷമതയും വൈകാരികതയുമൊന്നും ഒട്ടും ചോരാതെയാണു ‘ലംബോർഗ്നി ഓഫ് ദ് ടെർസൊ മില്ലെന്നിയൊ’യുടെ വരവ്. ഭാവിയിലെ സ്പോർട്സ് കാർ പ്രേമികളെ ലക്ഷ്യമിട്ടാണ് ഈ ആശയമെത്തുന്നതെന്നും ലംബോർഗ്നി പ്രഖ്യാപിക്കുന്നു.

ഊർജ ശേഖരണ സംവിധാനം, പുത്തൻ നിർമാണ സാമഗ്രികൾ, പ്രൊപ്പൽഷൻ സംവിധാനം, ഭാവികാല രൂപകൽപ്പന, വൈകാരികത തുടങ്ങി അഞ്ചു മേഖലകളിലും നാളെയുടെ ആവശ്യങ്ങൾ നിറവേറ്റാനൊരുങ്ങിയാണ് ‘ലംബോർഗ്നി ഓഫ് ദ് ടെർസൊ മില്ലെന്നിയൊ’ എത്തുന്നത്. ഇതിൽ ആദ്യ രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കാനാണു ലംബോർഗ്നി എം ഐ ടിയിലെ ലബോറട്ടറികളുടെ പിന്തുണ തേടുന്നത്; രസതന്ത്ര വിഭാഗത്തിലെ മിർസി ഡിൻക നയിക്കുന്ന ‘ഡിൻക റിസർച് ലാബും’ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അനസ്താസ്യോസ് ജോൺ ഹാർട്ടിന്റെ നേതൃത്വത്തിലുള്ള ‘മെക്കാനൊസിന്തസിസ് ഗ്രൂപ്പു’മാവും വൈദ്യുത സൂപ്പർ സ്പോർട്സ് കാർ പദ്ധതിയിൽ ലംബോർഗ്നിയുടെ പങ്കാളികൾ.  ഊർജ സംഭരണ സംവിധാനങ്ങൾക്കുള്ള നൂതന സാങ്കേതിക വിദ്യയ്ക്കൊപ്പം മെറ്റീരിയൽ സയൻസിലും വൻകുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾക്ക് ഗണ്യമായ ധനസഹായവും ഓട്ടോമൊബിലി ലംബോർഗ്നി വാഗ്ദാനം ചെയ്തിട്ടുണ്ട്.