സാഹിൽ, ഇവനാണ് ന‌ിയമം ലംഘിച്ച ജീപ്പിനെ ഒറ്റയ്ക്ക് തടഞ്ഞ ഇരട്ട ചങ്കൻ

Sahil Batav, Image Source: Social Media

വൺ‌വേ തെറ്റിച്ചെത്തിയ ജീപ്പിന് മുന്നിൽ ബൈക്ക് നിർത്തി അതിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രവും വിഡിയോയുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി ഓടിയത്. യുവാവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. റോങ് സൈഡിൽ വൺവേ തെറ്റിച്ചു വന്ന ജീപ്പിന്റെ മുന്നിലാണ് യുവാവ് തന്നെ ബൈക്കുമായി നിന്നത്. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താനും ആക്രമിച്ച് കീഴ്പ്പെടുത്താനും ശ്രമിച്ചെങ്കിലും അവന്റെ ഇച്ഛാശക്തിക്കുമുന്നിൽ പത്തി മടക്കേണ്ടി വന്നു ആ ജീപ്പ് ഡ്രൈവർക്ക്.

അവനാണ് സാഹില്‍ ബാട്ടവ്, നവംബർ മൂന്നുവരെ സാധാരണക്കാരനായൊരു യുവാവായിരുന്നു ഈ 22 കാരൻ. എന്നാൽ തന്റെ പ്രവർത്തി സാഹിലിനെ രാജ്യത്താകമാനം പ്രശസ്തനാക്കി. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ സാഹിൽ രാജ്യത്തെ യുവാക്കൾക്കെല്ലാം മാതൃകയാണ്.

വണ്‍വേ തെറ്റിച്ച് എത്തിയ ജീപ്പിനെ ബൈക്ക് വെച്ച് തടഞ്ഞ സാഹിലിനെ ഭീഷണിപ്പെടുത്താൻ ജീപ്പ് ഡ്രൈവർ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങുന്നില്ല. തുടർന്ന് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് പിന്‍മാറിയ ജീപ്പ് ഡ്രൈവര്‍ തന്നെ ജീപ്പ് പിന്നോട്ട് എടുത്ത് പോകുകയായിരുന്നു.

വൺവേ തെറ്റിച്ചെത്തിയ ജീപ്പ് ഡ്രൈവർ പൂര്‍ണമായും തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ജീപ്പ് തടഞ്ഞതെന്ന് സാഹില്‍ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പക്ഷേ താൻ തടഞ്ഞിട്ടും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അയാള്‍ തെറ്റ് തിരുത്തിയില്ലെന്നു മാത്രമല്ല ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നും സാഹിൽ പറയുന്നു. ധാരാളം ആളുകൾ കണ്ടു നിന്നെങ്കിലും ചുരുക്കം ചിലർ മാത്രമാണ് തന്റെ ഭാഗം ചേർന്ന് തന്നെ രക്ഷിക്കാൻ എത്തിയത് എന്നും സാഹിൽ പറയുന്നു. ട്രാഫിക് നിയമം തെറ്റിച്ചതിനും പൊതു നിരത്തിൽ വെച്ച് അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും ജീപ്പ് ഡ്രൈവർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു സാഹിൽ പറഞ്ഞു.

"ഭൂരിപക്ഷം ആളുകളും ഇതിനെതിരെ പ്രതികരിക്കാറില്ലെന്നത് കഷ്ടമാണ്. അപകടകരാംവിധമാണ് വൺവേയിലൂടെ ജീപ്പ് വന്നത്. ഞാനുമായി വഴക്കിട്ട് എന്റെ ബൈക്കിന്റെ താക്കോൾ ഊരിയെടുത്തു. ഒടുവിൽ ജീപ്പ് പിന്നിലേക്ക് എടുക്കുമ്പോഴാണ് ആ താക്കോൽ തിരികെ തന്നത്. അയാളുടേത്. വളരെ മോശം പെരുമാറ്റമായിരുന്നു. അച്ഛനെ വിവരം അറിയിച്ച ശേഷം പൊലീസ് സ്റേറഷനിലെത്തി പരാതി കൊടുത്തു" സാഹിൽ പറയുന്നു. പൊലീസുകാർ അപ്പോൾ തന്നെ നടപടിയെടുത്തെന്നും മൂന്നു ദിവസം ജീപ്പ് കസ്റ്റഡിയിൽ വച്ചെന്നും സാഹിൽ വ്യക്തമാക്കി.