ഫോക്സ്‍‌വാഗൻ ‘ടിഗ്വാൻ’ വിറ്റു തീർന്നു

ഇന്ത്യയ്ക്കായി നീക്കിവച്ച 800 ‘ടിഗ്വാൻ’ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും ആറു മാസത്തിനകം തന്നെ വിറ്റുപോയെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്‍‌വാഗൻ. ഇനി ‘ടിഗ്വാൻ’ ബുക്ക് ചെയ്യുന്നവർക്ക് അടുത്ത വർഷം മാത്രമേ വാഹനം ലഭിക്കൂ എന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയിൽ എസ് യു വികളോടുള്ള താൽപര്യമേറുന്നതു മുതലെടുക്കാനും ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു ഫോക്സ്വാഗൻ ‘ടിഗ്വാൻ’ അവതരിപ്പിച്ചത്.  പരിമിതകാലത്തിനിടെ ‘ടിഗ്വാ’നു ലഭിച്ച വരവേൽപ്പാവട്ടെ ഇന്ത്യയിൽ കൂടുതൽ എസ് യു വികൾ അവതരിപ്പിക്കാൻ ഫോക്സ്‌വാഗനു പ്രോത്സാഹനം പകരുന്നതുമാണ്. മേയ് മുതൽ ഇതുവരെയുള്ള കാലത്തിനിടെ 800 ‘ടിഗ്വൻ’ ആണ് ഇന്ത്യൻ നിരത്തിലെത്തിയതും നിരത്തിലിറങ്ങാൻ കാത്തിരിക്കുന്നതുമെന്നാണു കണക്ക്. 27 മുതൽ 32 ലക്ഷം രൂപ വരെയാണു ‘ടിഗ്വൻ’ വകഭേദങ്ങളുടെ ഇന്ത്യയിലെ വില.

ജനപ്രീതിയാർജിച്ച ‘എം ക്യു ബി’ പ്ലാറ്റ്ഫോം അടിത്തറയാക്കി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ എസ് യു വിയുമാണ് ‘ടിഗ്വൻ’. അതേസമയം ഇന്ത്യക്കാർ സാധാരണ താൽപര്യം പ്രകടിപ്പിക്കുന്ന പോലുള്ള അമിത ആക്രമണോത്സുകതയോ പൗരുഷമോ ‘ടിഗ്വ’ന് ഇല്ലെന്ന പ്രത്യേകതയുമുണ്ട്. പകരം യൂറോപ്പിൽ ഏറെ ജനപ്രിയമായ ഫോക്സ്വാഗൻ മോഡലുകളായ ‘ഗോൾഫി’ൽ നിന്നും ‘പസറ്റി’ൽ നിന്നും പ്രചോദിതമാണ് ‘ടിഗ്വ’ന്റെ രൂപകൽപ്പന. 

സീറ്റുകൾ അഞ്ചു മാത്രമെങ്കിലും പൂർണ തോതിലുള്ള എസ് യു വികളായ ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഇസൂസു ‘എം യു — എക്സ്’, അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ സ്കോഡ ‘കോഡിയാക്’ തുടങ്ങിയവയോടാണ് ‘ടിഗ്വൻ’ മത്സരിക്കുന്നത്.  ഇന്ത്യയിൽ ഡീസൽ എൻജിനോടെ മാത്രമാണു ‘ടിഗ്വൻ’ വിൽപ്പനയ്ക്കുള്ളത്: രണ്ടു ലീറ്റർ ടർബോ ചാർജ്ഡ്, നാലു സിലിണ്ടർ ടി ഡി ഐ എൻജിന് 141 ബി എച്ച് പി വരെ കരുത്തും 340 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.