നിർത്താതെ പറന്ന് ലോക റെക്കോർഡിട്ട് ഇന്ത്യൻ വ്യോമസേന വിമാനം, സൂപ്പർ ഹെർക്കുലീസ്

C-130J Hercules

ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണ് ഇന്ത്യൻ എയർഫോഴ്സ്. അതിദുർഘടമായി പല ദൗത്യങ്ങളും നിഷ്പ്രയാസം വിജയിപ്പിച്ച ചരിത്രമുള്ള ഇന്ത്യൻ  വ്യോമസേനയുടെ കീരിടത്തിൽ ഒരു പൊൻതൂവൽ കൂടി.  പതിമൂന്നു മണിക്കൂറും 31 മിനിറ്റും സൂപ്പർ ഹെർക്കുലീസ് വിമാനത്തെ നിർത്താതെ പറത്തിയാണ് വ്യോമസേന ചരിത്രം കുറിച്ചത്. നവംബർ 18 ന് പുലർച്ചേ പറന്നു തുടങ്ങിയ വിമാനം 13 മണിക്കൂറും 31 മിനിറ്റും പിന്നിട്ടതിന് ശേഷം വൈകിട്ട് 6.31നാണ് നിലം തൊടുന്നതെന്ന് വ്യോമസേന അറിയിച്ചു. ലോകത്ത് ആദ്യമായാണ് സൂപ്പർ ഹെർക്കുലീസ് വിമാനം ഇത്ര അധികം സമയം നിർത്താതെ പറക്കുന്നതെന്നും ഈ റെക്കോർഡ് നേട്ടത്തിൽ പങ്കെടുത്ത സേനാ അംഗങ്ങളുടെ അനുഭവ സമ്പത്തും ധൈര്യവും പ്രശംസനീയമാണെന്നും വ്യോമസേന അറിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് പരിശീലനത്തിന്റെ ഭാഗമായി ലക്നൗ–ആഗ്ര അതിവേഗ പാതയിൽ സി–130 ജെ സൂപ്പർ ഹെർക്കുലീസ് ലാൻഡ് ചെയ്ത് സൈന്യം കഴിവു തെളിയിച്ചിരുന്നു. ടേക്ക് ഓഫിനും ലാൻഡിങ്ങിനും കുറച്ചു സ്ഥലം മതി എന്നത് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. വൻതോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാം എന്നതിനു പുറമേ ആളുകളെ ഒഴിപ്പിക്കാനും ഹെർക്കുലീസിനു കഴിയും

C-130J Hercules

സി 130 ജെ സൂപ്പർ ഹെർക്കുലീസ് 

പ്രതിരോധ മേഖലയ്ക്കു മുതൽക്കൂട്ടാണ് ഹെർക്കുലീസ് വിമാനങ്ങൾ. 1954 ലാണ് ആദ്യ ഹെർക്കുലീസ് വിമാനം യുണൈറ്റഡ് എയർഫോഴ്സിന്റെ ഭാഗമാകുന്നത്. തുടർന്നിങ്ങോട്ട് അറുപതു വർഷത്തിനിടെ ഏകദേശം 2500 വിമാനങ്ങളാണ് കമ്പനി വിവിധ രാജ്യങ്ങളിലെ സേനകൾക്കു നിർമിച്ചു നൽകിയത്. ഏകദേശം 63 രാജ്യങ്ങൾ ഹെർക്കുലീസ് വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അവയുടെ രണ്ടാം തലമുറയാണ് ഇന്ത്യൻ എയർഫോഴ്സിന്റെ പക്കലുള്ള സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനങ്ങൾ. നിലവിൽ 16 രാജ്യങ്ങളാണ് സി 130 ജെ സൂപ്പർ വിമാനം ഉപയോഗിക്കുന്നത്. 

C-130J Hercules

1999 ൽ യുകെയുടെ റോയൽ എയർഫോഴ്സിനാണ് സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം ആദ്യമായി ലഭിക്കുന്നത്. നിലവിൽ ഏകദേശം 1186 സി 130 ജെ, സി 130 ജെ –30 വിമാനങ്ങളുടെ ഓർഡർ കമ്പനിക്കു ലഭിച്ചിട്ടുണ്ട് അവയിൽ ഏകദേശം 242 എണ്ണം നിർമിച്ചു നല്‍കി. 2007 ലാണ് ഇന്ത്യൻ എയർഫോഴ്സ് ആറ് സി 130 ജെ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടത്. 2008ൽ 1.2 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. 2010 ഡിസംബറിൽ ആദ്യവിമാനവും 2011 ‍‍ഡിസംബറിൽ ആറാമത്തെ വിമാനവും ലഭിച്ചു. 

വ്യോമസേനയിലെ 'വീല്‍ഡ് വൈപ്പേഴ്‌സ്' സംഘമാണ് ഹെർക്കുലീസ് വിമാനങ്ങൾ കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വിമാനം എന്നാണ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് അറിയപ്പെടുന്നത്. താഴ്ന്നു പറക്കാനുള്ള കഴിവ്, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി തുടങ്ങിയവയാണ് ഹെർക്കുലീസ് വിമാനങ്ങളെ സേനകൾക്കു പ്രിയപ്പെട്ടതാക്കുന്നത്. 

112 അടി നീളവും 38 അടി പൊക്കവുമുണ്ട് സി 130 ജെ വിമാനത്തിന്. 132 അടിയാണ് ചിറകുകളുടെ വിരിവ്. റോൾസ് റോയ്സിന്റെ നാല് എൻജിനുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ആറ് ബ്ലെയ്ഡുകളുണ്ട് ഇവയുടെ പ്രൊപ്പല്ലറുകൾക്ക്. പരമാവധി 74,389 കിലോഗ്രാം വരെ വഹിച്ചുകൊണ്ട് ഈ വിമാനത്തിന് പറന്നുയരാനാവും. മണിക്കൂറിൽ 660 കിലോമീറ്ററാണ് പരമാവധി വേഗത. ഏകദേശം 130 സൈനികരെ ഈ വിമാനത്തിന് വഹിക്കാനാവും.