നടുറോഡിൽ വാഹനം നിർത്തി യുവതി, അനുമോദിച്ച് സൈബർ ലോകം

Image Captured From Youtube Video

വാഹനമോടിക്കുമ്പോൾ മറ്റുള്ളവരോട് മുഴുവൻ ദേഷ്യമാണ് മിക്ക ആളുകൾക്കും. എതിരെ വരുന്ന വാഹനങ്ങൾക്കു നേരെയും കാൽനടക്കാർ‌ക്കു നേരെയും ആക്രോശിക്കുന്നതാണ് നമ്മുടെ രീതി. ഒരു മിനിറ്റു പോലും കാത്തു നിൽക്കാൻ ആരും തയ്യാറല്ല. എന്നാൽ ദേഷ്യപ്പെടുന്ന ഡ്രൈവർമാർക്കിടയിൽ വ്യത്യസ്തയായൊരു യുവതി. വികലാംഗനായ ആളെ സഹായിക്കുന്നതിന് യുവതി തന്റെ കാർ നിർത്തിയത് തിരക്കുള്ള ഹൈവേയിലെ നടുറോഡിൽ.

യുവതിയുടെ പ്രവൃത്തിയിൽ അനുമോദനവുമായി എത്തിയിരിക്കുയാണ് സൈബർ ലോകം. ചൈനയിലാണ് സംഭവം നടന്നത്. തിരക്കുള്ള ഹൈവേയിലുടെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്ന ആളെ സഹായിക്കാനായി തന്റെ കാർ നിർത്തി വാഹനത്തിൽ നിന്നിറങ്ങി കൈ പിടിച്ച് റോ‍ഡ് ക്രോസ് ചെയ്യിപ്പിച്ചിട്ടാണ് യുവതി പിൻമാറിയത്. ട്രാഫിക് സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

നവംബർ 17ന് നടന്ന സംഭവം എന്ന പേരിൽ പിപ്പീൾസ് ഡെയ്‌ലി ചൈനയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. യുവതിയുടെ പ്രവർത്തിയെ അനുമോദിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്.