ഹ്യുണ്ടേയ് ക്രേറ്റയോട് മത്സരിക്കാൻ ഫോക്സ്‌വാഗന്റെ കിടിലൻ എസ്‌യുവി ടി–ക്രോസ്

Volkswagen T- Cross Concept

ചെറു എസ്‌യുവി സെഗ്‌മെന്റിൽ മത്സരിക്കാൻ ഫോക്സ്‌വാഗനുമെത്തുന്നു. ഹ്യുണ്ടേയ് ക്രേറ്റ, പുതിയ എസ്ക്രോസ്, റെനൊ ക്യാപ്റ്റർ, ഉടൻ വിപണിയിലെത്തുന്ന ജീപ്പ് റെനഗേഡ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനാണ് ടി–ക്രോസ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കുന്ന എസ്‌യുവിയുമായി ഫോക്സ്‌വാഗൻ എത്തുന്നത്.  പുതിയ 19 എസ്‌യുവികളെ ഗ്ലോബൽ ലൈനപ്പിൽ ഉൾപ്പെടുത്തുമെന്ന് ഫോക്സ്‌വാഗന്‍ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അതിൽ ഏറ്റവും ചെറിയ എസ്‌യുവിയായിരിക്കും ടി–ക്രോസ്.  പുതിയ പോളോയുടെ പുറത്തിറങ്ങലിന് ശേഷമായിരിക്കും ചെറു എസ്‌യുവി വിപണിയിലെത്തുക. കൂടാതെ ഫോക്സ്‌വാഗൺ ടി–റോക് കൺസെപ്റ്റിലുള്ള എസ്‍യുവിയും പുറത്തിറക്കും.

Volkswagen T- Roc Concept

കഴിഞ്ഞ വർഷം നടന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ടി ക്രോസ് ബ്രീസ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ‌ മോ‍ഡൽ എംക്യൂബി എഓ പ്ലാറ്റ്ഫോമിലാണ് നിർ‌മിക്കുക. ഇന്ത്യയിൽ സാഹചര്യങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന ചെറു എസ് യു വിയായിരിക്കും ടി ക്രോസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടി ക്രോസ് കൺസെപ്റ്റിന്റെ പിന്തുടർന്നായിരിക്കും വാഹനത്തിന്റെ ഡിസൈൻ. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തുന്ന എസ് യു വി കോംപാക്റ്റ് എസ് യു വി സെഗ്‍‌‍മെന്റിൽ ഫോക്സ്‌വാഗന് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് എ‍ഞ്ചിൻ വകഭേദങ്ങളുണ്ടാകും പൊളോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ‌, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിവ കൂടാതെ 110 ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കുമുള്ള 1.0 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിനുമുണ്ടാകും പുതിയ ചെറു എസ് യു വിക്ക്. അഞ്ച് സ്പീ‍ഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് വകഭേദങ്ങളുണ്ടാകും. ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനം 2018 പകുതിയോടു കൂടി വിപണിയിലെത്തുമെന്നാണ് കരുതുന്നത്.