ടാറ്റ നാനോ അല്ല ബാറ്ററിയിൽ ഓടുമ്പോൾ ‘നിയോ’

Tata Nano, Representative Image

ടാറ്റ മോട്ടോഴ്സിന്റെ ‘നാനോ’ കാറുകളുടെ വൈദ്യുത പതിപ്പ് വിൽപ്പനയ്ക്കെത്തുക ‘ജെയം നിയോ’ എന്ന പേരിൽ. അടുത്ത ചൊവ്വാഴ്ച ഹൈദരബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നാനോ’യുടെ വൈദ്യുത പതിപ്പ് അനാവരണം ചെയ്യുമെന്നാണു സൂചന. ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരായ ഓലയാവുമത്രെ ആദ്യ 400 വൈദ്യുത ‘നാനോ’യുടെ ഉടമസ്ഥർ. 

എൻജിനും ട്രാൻസ്മിഷനും ഒഴിവാക്കി ടാറ്റ മോട്ടോഴ്സ് നൽകുന്ന ബോഡി ഷെൽ ഉപയോഗിച്ചാണു കോയമ്പത്തൂർ ആസ്ഥാനമായ ജെയം ഓട്ടമോട്ടീവ്സ് ബാറ്ററിയിൽ ഓടുന്ന ‘നാനോ’ യാഥാർഥ്യമാക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ദീർഘകാല പങ്കാളിയായാണു ജേയെം ഓട്ടമോട്ടീവ്സ്; ടാറ്റ മോഡലുകളുടെ സ്പോർട്ടി പതിപ്പ് വികസിപ്പിക്കാൻ ഇരുകമ്പനികളും ചേർന്നു പുതിയ സംയുക്ത സംരംഭ(ജെ ടി സ്പെഷൽ വെഹിക്കിൾസ്)വും രൂപീകരിച്ചിരുന്നു. നിലവിൽ ‘നിയോ’ എന്ന പേരിൽ ജേയം വൈദ്യുത ‘നാനോ’ വിൽപ്പനയ്ക്കെത്തിക്കും; പിന്നീട് ടാറ്റ മോട്ടോഴ്സ് സ്വന്തം നിലയ്ക്കും ‘നാനോ’യുടെ വൈദ്യുത പതിപ്പ് വിപണിയിലിറക്കാനാണു സാധ്യത. 

വൈദ്യുത പവർ ട്രെയ്നുകളുടെയും ബാറ്ററി പായ്ക്കുകളുടെയും ചാർജിങ് സൗകര്യങ്ങളുടെയുമൊക്കെ വികസനത്തിൽ വൈദഗ്ധ്യമുള്ള ഇലക്ട്ര ഇ വിയിൽ നിന്നാണ് ജെയം വൈദ്യുത ‘നാനോ’യ്ക്കുള്ള പവർട്രെയ്ൻ വാങ്ങുന്നത്. വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം ലഭ്യമാക്കുന്ന കമ്പനികളിൽ പ്രമുഖരാണ് ഇലക്ട്ര ഇ വി. ബാറ്ററിയിൽ ഓടുന്ന ‘നാനോ’യിലെ 48 വോൾട്ട് വൈദ്യുത സംവിധാനം 17 കിലോവാട്ട്(23 ബി എച്ച് പി) കരുത്താണു സൃഷ്ടിക്കുക; കാറിന് 800 കിലോഗ്രാം ഭാരമുണ്ടെന്നതു പരിഗണിക്കുമ്പോൾ ഈ കരുത്ത് പര്യാപ്തമാണോ എന്ന സംശയം ബാക്കിയാണ്. 623 സി സി പെട്രോൾ എൻജിൻ കരുത്തേകുന്ന ‘നാനോ’യുടെ ഭാരം 636 കിലോഗ്രാം മാത്രമാണെന്നും ഓർക്കണം. 

അതേസമയം നഗരവീഥികളിൽ ടാക്സിയായി ഉപയോഗിക്കാൻ മാത്രം ലക്ഷ്യമിട്ടാണ് ജെയം ‘നിയോ’ വികസിപ്പിച്ചിരിക്കുന്നതെന്നു പറയപ്പെടുന്നു. വ്യക്തിഗത ഉപയോഗത്തിനായി ഈ കാർ വിൽക്കാൻ കമ്പനിക്കു പദ്ധതിയുമില്ല. പൂർണതോതിൽ ചാർജ് ചെയ്താൽ 200 കിലോമീറ്റർ ഓടാൻ ‘നിയോ’യ്ക്കു കഴിയുമെന്നാണു നിർമാതാക്കളുടെ അവകാശവാദം; നാലു യാത്രക്കാരും എയർ കണ്ടീഷനറുമായി 140 കിലോമീറ്റർ പിന്നിടാനും കാറിനു കഴിയുമത്രെ. ജെയം അവതരിപ്പിക്കുന്ന കാറിൽ ടാറ്റയുടെയോ ‘നാനോ’യുടെയോ പേരു പോലും ഉണ്ടാവില്ല; ‘നിയോ’ എന്ന ബാഡ്ജിങ്ങുള്ള കാറിന്റെ പാർശ്വങ്ങളിൽ ‘പവേഡ് ബൈ ഇലക്ട്ര ഇ വി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടാവും.