ജെ ബി എം വൈദ്യുത ബസ് ഓട്ടോ എക്സ്പോയിൽ

ബാറ്ററിയിൽ ഓടുന്ന ബസ് വരുന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്നു ജെ ബി എം ഓട്ടോ. മുമ്പു നിശ്ചയിച്ചതിലും 12 മാസം വൈകിയാണ് ജെ ബി എം ഓട്ടോയുടെ ‘ഇകോലൈഫ്’ വൈദ്യുത ബസ് ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ അരങ്ങിലെത്തുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിച്ച വൈദ്യുത ബസ് ഒരു വർഷത്തിനകം വിപണിയിലെത്തിക്കാനായിരുന്നു കമ്പനിയുടെ മുൻപദ്ധതി.

എന്നാൽ വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം) ഇന്ത്യ പദ്ധതിയിൽ ബാറ്ററിയിൽ ഓടുന്ന ബസ്സുകൾക്കും ആനുകൂല്യം അനുവദിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം പരിഗണിച്ചാണ് ‘ഇകോലൈഫ്’ അവതരണം വൈകിച്ചതെന്നാണ് ജെ ബി എം ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഷാന്ത് ആര്യയുടെ വാദം. 2016 ഡിസംബറിൽ പ്രഖ്യാപിക്കുമെന്നു കരുതിയ വൈദ്യുത ബസ് നയം പുറത്തെത്തിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഈ കാലതാമസമാണ് ‘ഇകോലൈഫി’ന്റെ അവതരണവും വൈകിച്ചതെന്ന് ആര്യ വിശദീകരിക്കുന്നു. ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരം ബാറ്ററിയിൽ ഓടുന്ന ബസ്സുകൾക്ക് ഒരു കോടി രൂപയുടെ സബ്സിഡിയാണു ലഭിക്കുക.

അതേസമയം ‘ഫെയിം ഇന്ത്യ’ നയരൂപീകരണത്തിനപ്പുറം ബാറ്ററിയും മോട്ടോറുമൊക്കെ ലഭിക്കാൻ വൈകിയതും ‘ഇകോലൈഫി’നു കാലതാമസം സൃഷ്ടിച്ചിട്ടുണ്ടെന്നാണു സൂചന. ബസ്സിന് അനുയോജ്യമായ ഇലക്ട്രിക് ഡ്രൈവ് ട്രെയ്ൻ കണ്ടെത്താൻ പുത്തൻ സംഘത്തെ തന്നെ നിയോഗിക്കേണ്ട സാഹചര്യമായിരുന്നത്രെ. എന്നാൽ ഇത്തരം പ്രചാരണം അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് ആര്യ.

യൂറോപ്പിലെ വൻകിട ബസ് നിർമാതാക്കളും പൊളിഷ് കമ്പനിയുമായ സൊളാരിസിന്റെ സഹകരണത്തോടെയാണു ജെ ബി എം ഓട്ടോ വൈദ്യുത ബസ് വികസിപ്പിക്കുന്നത്. നിലവിൽ പുണെയിലെ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യിൽ ‘ഇകോലൈഫി’ന്റെ ഹോമോലൊഗേഷൻ നടപടികൾ പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ബസ് വിൽപ്പനയ്ക്കെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു ജെ ബി എം ഓട്ടോ.

ഒൻപത്, 12 മീറ്റർ നീളത്തോടെ ‘ഇകോലൈഫ്’ ബസ്സുകൾ വിപണിയിലെത്തും; 30 — 40 പേർക്കാണു ബസ്സിൽ യാത്രാസൗകര്യം. ജെ ബി എമ്മിന്റെ രൂപകൽപ്പന പ്രകാരമുള്ള ലിതിയം അയോൺ ബാറ്ററികൾ വിദേശത്താണു നിർമിച്ചത്. പൂർണമായും മലിനീകരണ വിമുക്തമാണ് ‘ഇകോലൈഫ്’ ബസ്സുകളെന്ന് ആര്യ അവകാശപ്പെടുന്നു. ഡീസൽ ഉപയോഗത്തിൽ മൂന്നര ലക്ഷം ലീറ്ററിന്റെയും കാർബൺ ഡയോക്സൈഡ് മലിനീകരണത്തിൽ 950 ടണ്ണിന്റെയും കുറവാണ് ഓരോ ബസ്സിന്റെയും വാഗ്ദാനം. 

പക്ഷേ വിലയുടെ കാര്യത്തിലാണു വൈദ്യുത ബസ്സുകൾ കനത്ത വെല്ലുവിളി നേരിടുക. സാധാരണ ഡീസൽ ബസ് ഷാസി 20 ലക്ഷം രൂപയ്ക്കൊക്കെ ലഭിക്കുമ്പോൾ ‘ഇകോലൈഫി’ന്റെ വില രണ്ടര മുതൽ മൂന്നു കോടി രൂപ വരെയാവും. സൊളാരിസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തർപ്രദേശിലെ കോസിയിൽ ജെ ബി എം ഓട്ടോയ്ക്കുള്ള ശാലയിലാവും ‘ഇകോലൈഫ്’ ബസ്സുകൾ നിർമിക്കുക. പ്രതിവർഷം 2,000 യൂണിറ്റാണ് ഈ ശാലയുടെ ശേഷി. ബസ് ബോഡികളുടെ നിർമാണമാവട്ടെ ഫരീദബാദിലെ വല്ലഭ്ഗഢിലുള്ള ജെ ബി എം ഓട്ടോ ശാലയിലാവും.