ഇക്കൊല്ലം 1,300 ബൈക്ക് വിൽക്കാൻ ട്രയംഫ് ഇന്ത്യ

Bonneville

ഇന്ത്യയിൽ ഇക്കൊല്ലം 1,300 മോട്ടോർ സൈക്കിൾ വിൽക്കാനാവുമെന്നു ബ്രിട്ടീഷ് ബ്രാൻഡായ ട്രയംഫിനു പ്രതീക്ഷ. പുണെ ആസ്ഥാനമായ ബജാജ് ഓട്ടോയുമായി സഹകരിച്ച് പുത്തൻ ബൈക്കുകൾ വികസിപ്പിക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ ട്രയംഫ്  ധാരണയിലെത്തിയിരുന്നു. ഇടത്തരം എൻജിൻ ശേഷിയുള്ള മോട്ടോർ സൈക്കിളുകൾ വികസിപ്പിച്ചു രൂപകൽപ്പന ചെയ്ത് ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിക്കാനാണ് ബജാജും ട്രയംഫ് മോട്ടോർ സൈക്കിൾസുമായി ധാരണാപത്രം ഒപ്പിട്ടത്. ഇരുകമ്പനികളും സംയുക്തമായി രൂപകൽപ്പന ചെയ്ത ആദ്യ ബൈക്ക് 2021ൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

മുൻവർഷത്തെ അപേക്ഷിച്ച് 10 — 15% വളർച്ചയോടെയാണ് ഇക്കൊല്ലം ട്രയംഫ് 1,300 ബൈക്ക് വിൽക്കാനാവുമെന്ന് കണക്കുകൂട്ടുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി അറിയിച്ചു. 2013ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ട്രയംഫ് അടുത്ത വർഷത്തോടെയാണ് പൂർണതോതിലുള്ള വിൽപ്പനയ്ക്കു തുടക്കമിട്ടത്. ഇതുവരെ 4,500 ബൈക്കുകളാണ് ട്രയംഫ് ഇന്ത്യയിൽ വിറ്റതെന്നും സുംബ്ലി വെളിപ്പെടുത്തി. ‘റോക്കറ്റ് ത്രീ’, ‘ഡേടോണ 200’, ‘സൂപ്പർ സ്പോർട്സ് ഡേടോണ 675 ആർ’, ‘ടൈഗർ 800’ തുടങ്ങിയവയ്ക്കൊപ്പം ‘ബോൺവിൽ’ ശ്രേണിയും ട്രയംഫ് ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്.

ബജാജ് ഓട്ടോയുമായുള്ള സഖ്യത്തിലൂടെ 250 — 700 സി സി എൻജിൻശേഷിയുള്ള വിഭാഗത്തിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും സുംബ്ലി വ്യക്തമാക്കി. പോരെങ്കിൽ താങ്ങാവുന്ന വിലയ്ക്ക് പ്രീമിയം മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തിക്കാനും ഈ സഖ്യത്തിനു സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിർമാണത്തിൽ ബജാജ് ഓട്ടോ പങ്കാളിയാണെങ്കിലും സംയുക്ത സംരംഭത്തിൽ നിർമിക്കുന്ന ബൈക്കുകൾ ‘ട്രയംഫ്’ ബ്രാൻഡിലാവും വിൽപ്പനയ്ക്കെത്തുക. ബജാജിനും ട്രയംഫിനും സഹകരിച്ചു പ്രവർത്തിക്കാവുന്ന മേഖലകൾ ധാരാളമുണ്ടെന്നും യോജിച്ചു വികസിപ്പിച്ച ബൈക്കിലൂടെ പുതിയ ഉപയോക്താക്കളെ കണ്ടെത്താനാവുമെന്നും സുംബ്ലി വെളിപ്പെടുത്തി.