ഫോക്സ‌വാഗൻ ഇന്ത്യ നേതൃനിരയിൽ മാറ്റം

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ‌വാഗന്റെ ഇന്ത്യയിലെ നേതൃനിരയിൽ മാറ്റങ്ങൾ വീണ്ടും. നിലവിൽ വിൽപ്പനാന്തര സേവന വിഭാഗത്തെ നയിക്കുന്ന ആശിഷ് ഗുപ്തയ്ക്കു സെയിൽസ് ഓപ്പറേഷൻസ് വിഭാഗത്തിലേക്കു മാറ്റി നിയമനം നൽകി. കൂടാതെ ഫോക്സ‌വാഗൻ പാസഞ്ചർ കാഴ്സ് വിഭാഗത്തിന്റെ ഫീൽഡ് ഓപ്പറേഷൻസ് മേധാവിയായ പി രവിചന്ദ്രനാണ് ഇനി മുതൽ വിൽപ്പനാന്തര സേവന വിഭാഗത്തിന്റെ ചുമതല.

ഫോക്സ‌വാഗൻ ഗ്രൂപ്പിന്റെ ആഗോളതലത്തിലെ സിദ്ധാന്തം പിന്തുടർന്ന് കമ്പനിക്കുള്ളിലെ പ്രതിഭകൾക്ക് അവസരമൊരുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഫോക്സ്വാഗൻ ഗ്രൂപ് സെയിൽസ് ഇന്ത്യയിലെ ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഡയറക്ടർ സ്റ്റീഫൻ നാപ് വ്യക്തമാക്കി. പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഫലപ്രദമായി നിറവേറ്റാൻ ഗുപ്തയ്ക്കും രവിചന്ദ്രനും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. 

ഫോക്സ‌വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ഡയറക്ടർ സ്റ്റീഫൻ നാപ്പിനു കീഴിലാവും ഗുപ്തയുടെയും പി രവിചന്ദ്രന്റെയും പ്രവർത്തനം. ഇരുവരും ഡിസംബർ ഒന്നിന് പുതിയ ചുമതകൾ ഏറ്റെടുക്കും.