10,000 യൂണിറ്റ് പിന്നിട്ട് ടാറ്റയുടെ ‘നെക്സൻ’

Tata Nexon

ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് എസ്  യു വിയായ ‘നെക്സൻ’ ഉൽപ്പാദനം 10,000 യൂണിറ്റ് പിന്നിട്ടു.  കഴിഞ്ഞ സെപ്റ്റംബറിൽ ടാറ്റ മോട്ടോഴ്സ് ‘നെക്സ’നെ പടയ്ക്കിറക്കിയത്. കാഴ്ചപ്പകിട്ടും എതിരാളികളെ കടത്തിവെട്ടുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമായി എത്തിയ നെക്സനിന് ആദ്യ രണ്ടു മാസത്തിനിടെ ആറായിരത്തോളം യൂണിറ്റ് വിൽപ്പനയാണു ലഭിച്ചിരുന്നു. 

നിലവിൽ യാത്രാവാഹന വിപണിയുടെ 59% ഭാഗത്താണു ടാറ്റ മോട്ടോഴ്സിനു സാന്നിധ്യമുള്ളത്. 2019ൽ ഇന്ത്യൻ കാർ വിപണിയിൽ മൂന്നാം സ്ഥാനം ലക്ഷ്യമിടുന്ന ടാറ്റ മോട്ടോഴ്സ് ഒറ്റ വർഷത്തിനിടെ നാലു മോഡലുകളാണു പുറത്തിറക്കിയത്: ഹാച്ച്ബാക്കായ ‘ടിയാഗൊ’, കോംപാക്ട് സെഡാനായ ‘ടിഗൊർ’, എസ് യു വിയായ ‘ഹെക്സ’, പിന്നെ ‘നെക്സനും’. കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ വരവോടെ വിപണിയുടെ 12% ഭാഗത്ത് കമ്പനിക്കു സാന്നിധ്യം ഉറപ്പിക്കാനായെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് കരുതുന്നു. 

കോംപാക്ട് എസ് യു വി വിപണിയെ നയിക്കുന്ന ‘വിറ്റാര ബ്രേസ’യെ അപേക്ഷിച്ച് ഡീസൽ വകഭേദത്തിന് 40,000 — 50,000 രൂപ വിലക്കുറവോടെയാണ് ‘നെക്സ’ന്റെ വരവ്. വില കുറവെങ്കിലും ഫ്ളോട്ടിങ് ടച് സ്ക്രീൻ, റിയർ എയർ വെന്റ് തുടങ്ങിയ സൗകര്യങ്ങളൊക്കെ ഈ വാഹനത്തിലുണ്ട്. പോരെങ്കിൽ മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവയും ‘നെക്സ’ന്റെ എല്ലാ വകഭേദങ്ങളിലുമുണ്ട്.  പുത്തൻ രൂപകൽപ്പനാ സിദ്ധാന്തമായ ‘ഇംപാക്ടി’ൽ അധിഷ്ഠിതമായ നാലാമതു ടാറ്റ മോഡലായ ‘നെക്സൻ’ വ്യക്തിഗത ഉപയോക്താക്കളെയാണു ലക്ഷ്യമിടുന്നത്. 

പുതിയ 1.5 ലീറ്റർ റെവൊടോർക് ഡീസൽ എൻജിൻ കരുത്തേകുന്ന ‘നെക്സ’ന് ലീറ്ററിന് 21.50 കിലോമീറ്ററാണു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ ലീറ്ററിന് 17 കിലോമീറ്റർ ഇന്ധനക്ഷമതും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു.