മനോഹർ ഭട്ട് കിയ ഇന്ത്യ വിൽപ്പന വിഭാഗം മേധാവി

KIA

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായ കിയ മോട്ടോർ കമ്പനിയുടെ ഇന്ത്യയിലെ വിൽപ്പന വിപണന വിഭാഗം മേധാവിയായ മനോഹർ ഭട്ട് നിയമിതനായി. ബെംഗളൂരു ഐ ഐ എമ്മിൽ നിന്നു മാനെജ്മെന്റ് ബിരുദം നേടിയ  ഭട്ട് ഭജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നാണു കിയ മോട്ടോഴ്സിനൊപ്പം ചേരുന്നത്. ബജാജ് അലയൻസിൽ ചേരുംമുമ്പ് ഏഴു വർഷത്തോളം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിലും ഭട്ട് പ്രവർത്തിച്ചിരുന്നു. അതിനു മുമ്പ് 2005ൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ജനറൽ മാനേജർ (നാഷനൽ സെയിൽസ്) ആയും ജോലി ചെയ്തിട്ടുണ്ട്. 

കിയ മോട്ടോഴ്സ് ആന്ധ്ര പ്രദേശിൽ സ്ഥാപിക്കുന്ന ശാല  2019 ജനുവരിയിൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. അനന്തപൂർ ജില്ലയിലെ പെനുഗൊണ്ടയിലാണു കിയയുടെ ശാലയുടെ നിർമാണപ്രവർത്തനം പുരോഗമിക്കുന്നത്; കിയ മോട്ടോഴ്സ് ഇന്ത്യയിൽ സ്ഥാപിക്കുന്ന ആദ്യ ശാലയാണു പെനുഗൊണ്ടയിലേത്. 

ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലിലാണു കിയ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി 110 കോടി ഡോളർ(ഏകദേശം 7085.81 കോടി രൂപ) ആണു കമ്പനി നിക്ഷേപിക്കുന്നത്. 2019ന്റെ ഉത്തരാർധത്തിൽ കാർ ഉൽപ്പാദനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണു ശാലയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും കിയ മോട്ടോഴ്സ് വ്യക്തമാക്കുന്നു.