ഹെൽമറ്റ് നിർമാണം ഇരട്ടിയാക്കുമെന്നു സ്റ്റീൽബേഡ്

മികച്ച വരുമാനം ലക്ഷ്യമിട്ട് കൂടുതൽ വാഹന അക്സസറികളും റൈഡിങ് ഉപകരണങ്ങളും പുറത്തിറക്കാൻ പ്രമുഖ ഹെൽമറ്റ് നിർമാതാക്കളായ സ്റ്റീൽബേഡ് ഹൈടെക് ഇന്ത്യയ്ക്കു പദ്ധതി. രാജ്യത്തെ ഏഴു ശാലകളിൽ നിന്നായി 21,000 ഹെൽമറ്റാണ് സ്റ്റീൽബേഡ് നിത്യവും ഉൽപ്പാദിപ്പിക്കുന്നത്; സംഘടിത ഹെൽമറ്റ് വിപണിയിൽ 35% വിഹിതവും കമ്പനി അവകാശപ്പെടുന്നു. മൂന്നു വർഷത്തിനകം ഉൽപ്പാദനം ഇരട്ടിയാക്കാനാണു പദ്ധതിയെന്നു സ്റ്റീൽബേഡ് വിൽപ്പന, വിപണന വിഭാഗം ഗ്ലോബൽ ഗ്രൂപ് മേധാവി ശൈലേന്ദ്ര ജെയിൻ വെളിപ്പെടുത്തി.

രാജ്യത്ത് റൈഡിങ് ഗീയർ, അക്സസറി മേഖലകളിൽ വിപുലമായ വളർച്ചാ സാധ്യതയാണു സ്റ്റീൽബേഡ് കാണുന്നത്; അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ കൂടുതൽ ഉൽപന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം അക്സസറികളുടെ വിൽപ്പനയ്ക്കായി ‘റൈഡേഴ്സ് ഷോപ്’ എന്ന പേരിൽ പ്രത്യേക സ്റ്റോറുകളും സ്റ്റീൽബേഡ് തുറക്കുന്നുണ്ട്.

ഇന്ത്യയിൽ 200 ‘റൈഡേഴ്സ് ഷോപ്’ തുറക്കാനാണു പദ്ധതിയെന്നു ജെയിൻ അറിയിച്ചു; ഇതിൽ നാലിലൊന്ന് ദക്ഷിണേന്ത്യയിലാവും. ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരബാദ്, ഉഡുപ്പി, മൈസൂരു നഗരങ്ങളിലെല്ലാം ഇത്തരം സ്റ്റോർ തുറക്കും. യാത്രാമാർഗമെന്നതിലുപരി ബൈക്കിങ്ങിനെ വൈകാരികമായി സമീപിക്കുന്നവരാണു തെക്കേ ഇന്ത്യയിലുള്ളതെന്നും ജെയിൻ അഭിപ്രായപ്പെട്ടു.

ഹെൽമറ്റ് നിർമാണത്തിനു പുറമെ വാഹനഘടക വ്യാപാരം, എന്റർടെയ്ൻമെന്റ്, സംഗീത ചാനൽ, ഓൺലൈൻ ഷോപ്പിങ് പോർട്ടൽ, മോട്ടോറിങ് സ്പോർട്സ് മേഖലകളിലും സ്റ്റീൽബേഡ് സജീവമാണ്. മൊത്തം 1,500 കോടി രൂപ വിറ്റുവരവുള്ള കമ്പനിക്ക് 200 കോടിയോളം രൂപയാണു ഹെൽമറ്റ്  വ്യാപാരത്തിൽ നിന്നു ലഭിക്കുന്നത്. ഉൽപ്പാദനം ഇരട്ടിയാക്കുന്നതോടെ 2020ൽ ഹെൽമറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനവും ഇരട്ടിക്കുമെന്നു സ്റ്റീൽബേഡ് കരുതുന്നു. 

ഹെൽമറ്റുകളുടെയും അനുബന്ധ സാമഗ്രികളുടെയും നിർമാണത്തിനായി പുതിയ ശാല സ്ഥാപിക്കാൻ സ്റ്റീൽബേഡ് സ്ഥലം തേടുന്നുമുണ്ട്. 500 കോടി രൂപയോളം നിക്ഷേപിക്കാനാണു പദ്ധതിയെന്നു ജെയിൻ വെളിപ്പെടുത്തി.