ഇതു പുതിയ ജിപ്സി, പുറത്തിറങ്ങുന്നത് അടുത്ത വർഷം ആദ്യം

Jimny

പുറത്തിറങ്ങും മുമ്പേ തരംഗമായി പുതിയ ജിപ്സി. രാജ്യാന്തര വിപണിയിൽ ജിംനി എന്ന പേരിൽ അറിയപ്പെടുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഒരു ഇറ്റാലിയൻ മാസികയാണു പ്രസിദ്ധീകരിച്ചത്. അടുത്ത വർഷമാദ്യം ജപ്പാൻ വിപണിയിലെത്തുന്ന വാഹനം ഇന്ത്യയിലെ ജിപ്സിക്കു പകരക്കാരനായി എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 

സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിയിലേക്കുള്ള ജിംനി നിർമിക്കുന്നത് ഇന്ത്യയിലായിരിക്കും. നാലാം തലമുറ ജിംനിയിൽ രണ്ടു പെട്രോൾ എൻജിനുകളാണുള്ളത് – 1.2 ലീറ്റർ കെ സീരീസ് എൻജിനും 1 ലീറ്റർ മൂന്ന് സിലിണ്ടർ ബൂസ്റ്റർ ജെറ്റ് എൻജിനും. 1.2 ലീറ്റർ എൻജിൻ 92 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുമ്പോൾ 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിൻ 112 ബിഎച്ച്പി കരുത്തു പകരും. 

Image Source: Social Media

ഹാർഡ് ടോപ്, സോഫ്റ്റ് ടോപ് വകഭേദങ്ങളിൽ മൂന്നു ഡോർ മോഡലായിട്ടാണു ജിംനി വിപണിയിലെത്തുക. രണ്ട് എൻജിൻ വകഭേദങ്ങളും ഓൾവീൽ ഡ്രൈവിലാകും ഉണ്ടാകുക. ഇന്ത്യയിലെത്തുമ്പോള്‍ ഡീസൽ എൻജിനും ജിംനിയിലുണ്ടാകുമെന്നും സൂചനയുണ്ട്. നാലുമീറ്ററിൽ താഴെ നീളവുമായി അടുത്ത വർഷം പകുതിയോടെ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10 ലക്ഷത്തിൽ താഴെയായിരിക്കും.  

ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ 1970–ലാണ് ജാപ്പനീസ് വിപണിയിൽ ജിംനി എത്തിയത്. 1981–ൽ രണ്ടാം തലമുറയും 1998–ൽ മൂന്നാം തലമുറയും പുറത്തിറങ്ങി. 1998 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക.

ജിംനിയുടെ രണ്ടാം തലമുറയെ ജിപ്സിയായി ഇന്ത്യയിലെത്തിക്കുന്നത് 1985–ലാണ്. ഇന്ത്യൻ സൈന്യം ഉപയോഗിച്ചു തുടങ്ങിയതോടെ ജിപ്സിയുടെ ജനപ്രീതി വർധിച്ചു. ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലേക്കാണ് അങ്കത്തിനെത്തുന്നത്.