പെട്രോൾ കാർ വിൽപ്പന അവസാനിപ്പിക്കാൻ ബി എ ഐ സിയും

BAIC

പരമ്പരാഗത എൻജിനുള്ള കാറുകളുടെ വിൽപ്പന 2025 ആകുമ്പോഴേക്ക് അവസാനിപ്പിക്കാൻ ചൈനീസ് നിർമാതാക്കളായ ബി എ ഐ സി മോട്ടോർ കോർപറേഷൻ ഒരുങ്ങുന്നു. വൈദ്യുത, പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ചൈനീസ് സർക്കാരിന്റെ നയം പിന്തുടർന്നാണ് കമ്പനിയുടെ ഈ ചുവടുമാറ്റം. ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനിയുടെയും ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയ്മ്ലറിന്റെയുമൊക്കെ ചൈനീസ് പങ്കാളിയാണ് ബി എ ഐ സി. തുടക്കത്തിൽ പെട്രോൾ എൻജിനുള്ള കാറുകളുടെ ബെയ്ജിങ്ങിലെ വിൽപ്പന അവസാനിപ്പിക്കാനാണു കമ്പനിയുടെ നീക്കം; പിന്നാലെ ആഗോളതലത്തിൽ തന്നെ ഇത്തരം കാറുകളുടെ വിൽപ്പന അവസാനിപ്പിക്കാനാണു ബി എ ഐ സിയുടെ തീരുമാനം.

സ്വയം വികസിപ്പിച്ച, പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന കാറുകളുടെ ബെയ്ജിങ്ങിലെ വിൽപ്പന 2020 ആകുമ്പോഴേക്ക് അവസാനിപ്പിക്കാനാണു പദ്ധതിയെന്ന് ബി എ ഐ സി ചെയർമാൻ സു ഹെയ് അറിയിച്ചു. അഞ്ചു വർഷത്തിനകം ചൈനയിൽ മൊത്തത്തിൽ തന്നെ ഇത്തരം വാഹനങ്ങളുടെവിൽപ്പന അവസാനിപ്പിക്കാനാണു നീക്കം. രാജ്യത്ത് വൈദ്യുത, പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകളുടെ വിൽപ്പനയ്ക്ക്  2019 മുതൽ ക്വോട്ട ഏർപ്പെടുത്താനാണു ചൈനീസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ വിപണിയിലെ ഈ പരിഷ്കാരം ആഭ്യന്തര, വിദേശ നിർമാതാക്കളിൽ ഞെട്ടൽ സൃഷ്ടിച്ചിട്ടുണ്ട്.

ചൈനയിലെ വാഹന വിൽപ്പനയിൽ 2025 ആകുമ്പോഴേക്ക് 20% എങ്കിലും പുതു ഇന്ധനങ്ങളിൽ ഓടുന്നവ(എൻ ഇ വി)യാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനൊപ്പം ചൈനയിലെ പുതുവാഹന നിർമാതാക്കളും വിദേശ എതിരാളികളുമായുള്ള അന്തരം കുറയ്ക്കാനും ഈ നടപടി സഹായിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

ചൈനയിലെ തന്നെ പ്രമുഖ നിർമാതാക്കളായ ചോങ്ക്വിങ് ചാങ്ങൻ ഓട്ടമൊബീൽ കമ്പനി ലിമിറ്റഡും 2025 മുതൽ പരമ്പരാഗത എൻജിനുള്ള വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുമെന്നു കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നു. പൂർണമായും വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം മാറ്റുമെന്നു പ്രഖ്യാപിച്ച ആദ്യ ചൈനീസ് നിർമാതാക്കളുമാണ് ചോങ്ക്വിങ് ചാങ്ങൻ ഓട്ടമൊബീൽ കമ്പനി.