Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന പ്രോത്സാഹനത്തിനു കേന്ദ്ര ധന മന്ത്രാലയം

electric-car

രാജ്യതലസ്ഥാനത്തെ ഓഫിസുകൾ ഡീസൽ, പെട്രോൾ വാഹനങ്ങൾക്കു പകരം വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കണമെന്നു കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദേശം. സ്വന്തമായി വാഹനം വാങ്ങുന്നതിനു പകരം കേന്ദ്ര സർക്കാർ ഓഫിസുകൾ കാറുകൾ പാട്ടത്തിനോ വാടകയ്ക്കോ എടുക്കുകയാണ്. ഇത്തരം വാഹനങ്ങളുടെ വാടക, പാട്ട കരാറുകൾ പുതുക്കുന്ന ഘട്ടത്തിൽ പുതിയ നിർദേശം നടപ്പാക്കേണ്ടി വരുമെന്നാണു സൂചന. 

ജീവനക്കാരുടെ ശമ്പള ചെലവും പരിപാലന ചെലവും കുറയ്ക്കാൻ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ വകുപ്പുകളിൽ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതു വ്യാപകമായിട്ടുണ്ട്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉപയോഗത്തിനു മാത്രമാണു നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത്. മുമ്പ് ജോയിന്റ് സെക്രട്ടറി തലം മുതലുള്ളവർക്കാണു വാഹനം ലഭിച്ചിരുന്നെങ്കിലും സമീപ കാലത്തായി അതിനു താഴെയുള്ള ഉദ്യോഗസ്ഥർക്കും ഔദ്യോഗിക വാഹനം ലഭിക്കുന്നുണ്ട്.

വൈദ്യുത വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കുലറിനൊപ്പം പാട്ട കരാറിന്റെ പുതുക്കിയ മാതൃകയും ധനമന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ പെട്രോൾ, ഡീസൽ എൻജിനുള്ള വാഹനം ഉപേക്ഷിച്ചു വൈദ്യുത വാഹനങ്ങളിലേക്കു മാറാൻ സമയപരിധിയൊന്നും സർക്കുലറിൽ നിഷ്കർഷിച്ചിട്ടില്ല. പോരെങ്കിൽ ഇത്തരമൊരു പരിവർത്തനം സമയബന്ധിതമായി നടപ്പാക്കാൻ വെല്ലുവിളികളേറെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലെ പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) മുഖേന 10,000 വൈദ്യുതവാഹനം പാട്ടത്തിനെടുക്കാനുള്ള പരീക്ഷണം പൂർണതോതിലെത്തിയിരുന്നില്ല. ആദ്യ ഘട്ടത്തിലെ വാഹനങ്ങൾ നിർമിച്ചു നൽകാത്ത സാഹചര്യത്തിൽ ടെൻഡർ നേടിയ ടാറ്റ മോട്ടോഴ്സിനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കും രണ്ടാം ഘട്ടത്തിലെ വാഹനങ്ങൾക്കുള്ള ഓർഡറും നൽകിയിട്ടില്ല. ഇതിനു പുറമെ വൈദ്യുത വാഹനങ്ങളെക്കുറിച്ച് ഡ്രൈവർമാരിൽ നിന്നു പരാതിപ്രളയവുമുണ്ട്. 

പോരെങ്കിൽ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യവും അപര്യാപ്തമാണെന്നാണു വിലയിരുത്തൽ. നീതി ആയോഗിലാണു നിലവിൽ ഈ സൗകര്യമുള്ളത്; ഉദ്യോഗ് ഭവനിലാവട്ടെ ഒറ്റ ചാർജിങ് പോയിന്റാണുള്ളത്.