മഹീന്ദ്ര ട്രാക്ടർ വിട്ടു കപൂർ ‘ടഫെ’യ്ക്കൊപ്പം

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിൽ ഭരതേന്ദു കപൂർ മഹീന്ദ്രയോടു വിട ചൊല്ലി. വിരമിക്കാൻ അഞ്ചു വർഷം ബാക്കി നിൽക്കെ 33 വർഷമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കൊപ്പമുള്ള ഭരതേന്ദു കപൂർ കമ്പനിയോടു വിട പറഞ്ഞതു വാഹന വ്യവസായ മേഖലയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ട്രാക്ടർ ഡിവിഷന്റെ വിൽപ്പന വിഭാഗം മേധാവിയായിരുന്നു കപൂർ. 

ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റി(ടഫെ)ന്റെ വിൽപ്പന, വിപണന വിഭാഗം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനാണു കപൂർ മഹീന്ദ്രയെ ഉപേക്ഷിച്ചത്. ‘ടഫെ’ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മല്ലിക ശ്രീനിവാസനാവും കമ്പനിയിൽ കപൂറിന്റെ മേധാവി.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ ട്രെയ്നിയായി 1984ലാണു കപൂർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടക്കത്തിൽ യാത്രാവാഹന വിഭാഗത്തിലായിരുന്ന കപൂർ പിന്നീട് കാർഷികോപകരണ നിർമാണത്തിലേക്കു ചുവടുമാറുകയായിരുന്നു. 1995ൽ അദ്ദേഹം എം ആൻഡ് എമ്മിൽ സെയിൽസ് ഓഫിസറായി. കമ്പനിയുടെ കാർഷികോപകരണ വിഭാഗത്തിന്റെ വിൽപ്പന വളർച്ചയിൽ നിർണായക സംഭാവനയാണു കപൂർ നൽകിയത്. നിലവിൽ സ്പെയേഴ്സ് ബിസിനസ് യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റും മേധാവിയുമായിരുന്ന കപൂർ എം ടി ബി എല്ലിന്റെയും എം എ ഡി പി എല്ലിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്നു. 

ഉപയോക്താക്കളുടെ ആവശ്യത്തിനൊത്ത് ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്നതിൽ സവിശേഷ ശ്രദ്ധ തന്നെ കപൂർ പുലർത്തിയിരുന്നു. പദവികളും സ്ഥാനമാനങ്ങളും തേടിയെത്തിയപ്പോഴും മഹീന്ദ്രയുടെ ട്രാക്ടർ വിഭാഗം വിൽപ്പന മേധാവിയായി തുടരാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.