പുതുവർഷം: നിസ്സാനും വില വർധന പ്രഖ്യാപിച്ചു

പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാനും പ്രഖ്യാപിച്ചു. ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ മോഡലുകളുടെ വിലയും പുതുവർഷത്തിൽ ഉയരുമെന്നു നിസ്സാൻ ഗ്രൂപ് ഓഫ് ഇന്ത്യ വ്യക്തമാക്കി. വിവിധ മോഡലുകളുടെ വിലയിൽ 15,000 രൂപയുടെ വരെയാണു വർധന നിലവിൽ വരികയെന്നും നിസ്സാൻ അറിയിച്ചു.

അസംസ്കൃത വസ്തു വിലയേറുകയും നിർമാണ ചെലവ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിലെ മോഡൽ ശ്രേണിയുടെ വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് വ്യക്തമാക്കി. വാഹന നിർമാണത്തിലെ കാര്യക്ഷമത വർധിപ്പിക്കാൻ വില വർധന കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലുകളുടെ വില പുതുവർഷത്തിൽ വർധിപ്പിക്കുമെന്നു നിസ്സാന്റെ ആഗോള പങ്കാളിയും ഫ്രഞ്ച് നിർമാതാക്കളുമായ റെനോയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’, കോംപാക്ട് എസ് യു വിയായ ‘ഡസ്റ്റർ’, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’ എന്നിവയുടെ വിലയിൽ മൂന്നു ശതമാനം വരെ വർധനയാണു കമ്പനി നടപ്പാക്കുക. എന്നാൽ അടുത്തയിടെ വിപണിയിലെത്തിയ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കാപ്റ്ററി’നു വിലയേറില്ലെന്നും റെനോ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി മുതൽ വില വർധിപ്പിക്കുമെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒഴികെയുള്ള പ്രമുഖ നിർമാതാക്കളെല്ലാം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), ഫോക്സ്വാഗൻ, ടാറ്റ മോട്ടോഴ്സ്, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹോണ്ട കാഴ്സ് ഇന്ത്യ, സ്കോഡ, ഇസൂസു മോട്ടോർ ഇന്ത്യ  തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾക്കെല്ലാം ജനുവരിയിൽ വിലയേറും.

അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ലൈഫ് സ്റ്റൈൽ കോംപാക്ട് എസ് യു വിയായ ‘നെക്സ’ന് പ്രഖ്യാപിച്ച പ്രാരംഭ വിലയും ഡിസംബർ 31ന് അവസാനിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ ‘നെക്സൻ’ ശ്രേണിയുടെ വിലയിലും 25,000 രൂപയുടെ വരെ വർധനയാണു നടപ്പാവുക. 

പുതുവർഷത്തോടെ ‘ജീപ് കോംപസി’ന്റെയും വില വർധിപ്പിക്കുമെന്ന് എഫ് സി എ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ജനുവരി മുതൽ 80,000 രൂപയുടെ വരെ വർധനയാണ് ‘കോംപസി’നു നിലവിൽ വരുന്നത്.. അതേസമയം ‘കോംപസി’ന്റെ അടിസ്ഥാന മോഡലിനെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; പുതുവർഷം പിറന്നലാും ‘കോംപസി’ന്റെ അടിസ്ഥാന മോഡലിന് 15.16 ലക്ഷം രൂപയാവും ഷോറൂം വില.