പുതുവർഷത്തിൽ വില കൂട്ടുമെന്നു ഹ്യുണ്ടേയിയും

Hyundai Verna

പുതുവർഷത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ കാറുകൾക്കും വിലയേറുമെന്ന് ഉറപ്പാക്കി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും വില വർധന പ്രഖ്യാപിച്ചു. അസംസ്കൃത വസ്തു വില ഉയർന്നതിന്റെ ഫലമായി ജനുവരി മുതൽ കാർ വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കുമെന്നാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ പ്രഖ്യാപനം. 

അസംസ്കൃത വസ്തു വിലയേറിയതു മൂലം ഉൽപ്പാദന ചെലവിൽ നേരിട്ട വർധന സൃഷ്ടിച്ച അധിക ബാധ്യത ഇതുവരെ കമ്പനി ഏറ്റെടുക്കുകയായിരുന്നെന്ന് ഹ്യുണ്ടേയ് മോട്ടോർ ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വിശദീകരിച്ചു. ഈ നില തുടരാനാവാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലെ കാർ വില രണ്ടു ശതമാനത്തോളം ഉയർത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഹാച്ച്ബാക്കായ ‘ഇയോൺ’ മുതൽ പ്രീമിയം എസ് യു വിയായ ‘ട്യുസോൺ’ വരെ നീളുന്നതാണു ഹ്യുണ്ടേയിയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി; 3.29 ലക്ഷം മുതൽ 25.19 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ ഷോറൂം വില.

ഹ്യുണ്ടേയ് ഒഴികെയുള്ള പ്രമുഖ നിർമാതാക്കളെല്ലാം ജനുവരിയിൽ വാഹന വില വർധിപ്പിക്കുമെന്നു മുമ്പേ പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), ഫോക്സ്വാഗൻ, ടാറ്റ മോട്ടോഴ്സ്, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹോണ്ട കാഴ്സ് ഇന്ത്യ, സ്കോഡ, ഇസൂസു മോട്ടോർ ഇന്ത്യ  തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾക്കെല്ലാം ജനുവരിയിൽ വിലയേറുന്നുണ്ട്. 

ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിക്കടക്കം ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ മോഡലുകൾക്കും അടുത്ത മാസം വിലയേറും;  15,000 രൂപയുടെ വരെയാണു വർധന നിലവിൽ വരുന്നത്. 

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലുകളുടെ വില പുതുവർഷത്തിൽ വർധിപ്പിക്കുമെന്നു നിസ്സാന്റെ ആഗോള പങ്കാളിയും ഫ്രഞ്ച് നിർമാതാക്കളുമായ റെനോയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

പുതുവർഷത്തോടെ ‘ജീപ് കോംപസി’ന്റെയും വില വർധിപ്പിക്കുമെന്ന് എഫ് സി എ ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. ജനുവരി മുതൽ 80,000 രൂപയുടെ വരെ വർധനയാണ് ‘കോംപസി’നു നിലവിൽ വരുന്നത്.അതേസമയം ‘കോംപസി’ന്റെ അടിസ്ഥാന മോഡലിനെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.