ബലേനോയോട് മത്സരിക്കാന്‍ 37 കി.മീ മൈലേജുമായി നിസാന്‍ നോട്ട് ഇ–പവർ

Nissan Note E Power

രാജ്യാന്തര വിപണിയിലെ നിസാന്റെ ജനപ്രിയ ഹാച്ചാണ് നിസാൻ നോട്ടി. 2005 മുതൽ വിപണിയിലുള്ള നോട്ട് നിസാൻ ഇന്ത്യയിലെത്തിക്കുന്നു. 2017 ൽ പുറത്തിറങ്ങിയ നോട്ട് ഇ പവർ എന്ന ഹൈബ്രിഡ് വേർഷനായിരിക്കും നിസാൻ ഉടൻ പുറത്തിറക്കുക. പ്രീമിയം ഹാച്ച്ബാക്ക് സെഗ്്മെന്റില്‍ മാരുതി ബലേനോയോടും ഹ്യുണ്ടേയ് ഐ 20യോടും മത്സരിക്കാനെത്തുന്ന നോട്ട് ഇ പവറിന്റെ പരീക്ഷയോട്ടങ്ങൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു.

സെഗ്്മെന്റിൽ ഏറ്റവുമധികം മൈലേജ് വാഗ്ദാനം ചെയ്യുന്ന വാഹനമായിരിക്കും നോട്ട് ഇ പവർ. ലീറ്ററിന് 37 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി പറയുന്നത്. പരമ്പരാഗത ഹൈബ്രിഡ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി 1.2 ലീറ്റർ പെട്രോൾ എൻജിൻ ബാറ്ററിക്ക് ഊർജം നൽകുന്ന ജനറേറ്ററായായിരിക്കും പ്രവർത്തിക്കുക. പരമാവധി (80 കിലോവാട്ട്) 108 എച്ച്പി നൽകുന്ന ഇലക്ട്രിക്ക് മോട്ടറാണ് കാറിൽ.

എന്നാൽ നിലവിലെ ജിഎസ്ടി നിരക്കുകൾ പ്രകാരം ഹൈബ്രിഡ് വാഹനങ്ങൾക്ക് നിശ്ചയിരിക്കുന്ന 43 ശതമാനം ടാക്സ് ഇ പവറിന്റെ അരങ്ങേറ്റത്തിന് വിലങ്ങുതടിയായേക്കും. നിസാൻ നോട്ട് ഇ–പവറിനെ ചലിപ്പിക്കുന്നത് ഇലക്ട്രിക് മോ‍ട്ടറാണെന്നും അതുകൊണ്ട് തന്നെ വാഹനത്തെ ഹൈബ്രിഡ് വാഹനമായി പരിഗണിക്കാതെ ഇലക്ട്രിക് വാഹനമായി പരിഗണക്കണമെന്ന് സർക്കാറിനോട് അഭ്യർത്ഥിക്കുമെന്നുമാണ് കമ്പനി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.