ബൈക്ക് റേസിനിടെ അപകടം, രക്ഷപെടൽ; അത്‌ഭുത പ്രകടനത്തിന്റെ വിഡിയോ !

Image Captured From Youtube Video

കണ്ണഞ്ചിപ്പിക്കുന്ന വേഗമാണു ബൈക്ക് റേസുകളുടെ പ്രത്യേകത. വളവുകളും ചെറുകയറ്റങ്ങളും ഇറക്കങ്ങളുമെല്ലാമുള്ള റേസ്ട്രാക്കിൽ ഏറ്റവും വേഗത്തിൽ പായുന്നവരാണു വിജയികളാകുക. വേഗം കൂടുന്തോറും അപകടസാധ്യതയും കൂടുന്നു. ചെറിയൊരു പിഴവു മതി വലിയ അപകടങ്ങളുണ്ടാകാൻ.

ചില അവസരങ്ങളിൽ വാഹനം കൈവിട്ടുപോകും. ഇത്തരം സന്ദർഭങ്ങളിൽ റൈ‍ഡറുടെ മനസാന്നിധ്യമായിരിക്കും രക്ഷയ്ക്കായി വരിക. അത്തരത്തിൽ നടന്നൊരു അപകടത്തിന്റെയും രക്ഷപെടലിന്റെയും വിഡിയോയാണിപ്പോൾ ചർച്ചയാകുന്നത്. മോട്ടോ അമേരിക്ക സൂപ്പർബൈക്ക് മൽസരത്തിനിടെയാണ് ഇത്തരത്തിലൊരു അപകടവും രക്ഷപെടലും നടന്നത്. മനസാന്നിധ്യം കൊണ്ട് അത്ഭുതകരമായി വലിയൊരു അപകടത്തിൽ നിന്നു രക്ഷപ്പെട്ട റേസ് ഡ്രൈവറുടെ പേര് ആന്റണി വെസ്റ്റ്.

വളവും ഇറക്കവും ഒന്നിക്കുന്ന സ്ഥലത്തുവെച്ചാണ് റൈഡർക്ക് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബൈക്കിൽ നിന്ന് ഉയർന്നു പൊങ്ങിയ ആന്റണി വന്നുവീണതു ഹാൻഡിലിലും. പിടിപിടാതെ ഒരുകണക്കിന് ബൈക്കിനെ വരുതിയിലാക്കാൻ ൈറഡറിന് സാധിച്ചു. വലിയൊരു അപകടം വഴിമാറിപ്പോയത് ആൻണിയുടെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണെന്നാണ് അപകടത്തിന്റെ വിഡിയോ കണ്ടവർ പറയുന്നത്.