ഇന്നോവയെ വെല്ലാനെത്തുന്ന മഹീന്ദ്ര യു 321 ഫെബ്രുവരിയില്‍, കൂടുതല്‍ വിവരങ്ങള്‍

Ssangyong Turismo, Representative Image

എംപിവി സെഗ്്മെന്റിലെ താരമായ ഇന്നോവയോട് മത്സരിക്കാനെത്തുന്ന വാഹനത്തെ മഹീന്ദ്ര അടുത്ത ഫെബ്രുവരിയില്‍ പുറത്തിറക്കും. 1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയും സാങ് യോങും സംയുക്തമായി വികസിപ്പിച്ച എന്‍ജിന് 18 കിലോമീറ്റര്‍ മൈലേജുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യ ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യന്ത്ര വാഹന മേളയിൽ മഹീന്ദ്ര പുതിയ എംയുവിയെ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മോണോകോക്ക് ബോഡി ഡിസൈനിലെത്തുന്ന വാഹനത്തില്‍ പ്രീമിയം ഫീച്ചറുകളുണ്ട്. യു 321 എന്ന കോഡു നാമത്തിലാണ് അറിയപ്പെടുന്നത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിക്കുന്ന വാഹനം ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ട് നാളുകളേറെയായി.  ഉയരം കൂടിയ ഡിസൈന്‍ കണ്‍സെപ്റ്റിലാണ് പുതിയ എംപിവിയുടെ രൂപകല്‍പന. 

രാജ്യാന്തര വിപണിയില്‍ സാങ്‌യോങിനുള്ള ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ മഹീന്ദ്രയുടെ എംപിവിയിലും കണ്ടേക്കാം. അകത്തളത്തില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാവും പുതിയ എംപിവിക്കുണ്ടാവുക. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലുമാണ് എംപിവിയിലുള്ളത്.