പുതിയ സാൻട്രോ ഫെബ്രുവരിയിലെ ഓട്ടോ എക്സ്പോയിൽ

Hyundai Santro, Representative Image

ഹ്യുണ്ടേയ്‌യുടെ ചെറുകാർ അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ. നിലവിൽ രാജ്യത്ത് പരീക്ഷണയോട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുകാർ ഫെബ്രുവരി ആദ്യം നടക്കുന്ന ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് ഹ്യുണ്ടായ്‌യിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. മാരുതി സെലേറിയോ, ടാറ്റ ടിയോഗോ തുടങ്ങിയ മോഡലുകളുടെ എതിരാളിയായി എത്തുന്ന ചെറു കാർ സാൻട്രോ എന്ന പേരിലാകും പുറത്തിറങ്ങുക.

Hyundai IX Metro Concept

ഹ്യുണ്ടേയ് ഇയോണിനും ഐ 10 ഇടയിൽ സ്ഥാനം പിടിക്കുന്ന കാറിന്റെ പേര് സാൻട്രോ എന്നായിരിക്കും എന്ന വാർത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്ന ചെറു കാറിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹ്യുണ്ടേയ്‌ 2009ൽ പ്രദർശിപ്പിച്ച മെട്രോ കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ കാർ.

Hyundai IX Metro Concept

1998ൽ ഇന്ത്യൻ വിപണിയിലെത്തിയ സാൻട്രോയെ ഹ്യുണ്ടേയ് വിപണിയിൽ നിന്ന് പിൻവലിച്ചത് 2014 ലായിരുന്നു. നിലവിൽ ഹ്യുണ്ടേയ്‌ ലൈനപ്പിലുള്ള ഐ10 നെ പിൻവലിച്ചാണ് ഹ്യുണ്ടേയ്‌യുടെ നിത്യഹരിത മോഡലായ സാൻട്രോയെ തിരിച്ചെത്തിക്കാൻ കമ്പനി ആലോചിക്കുന്നത്. ബ്രാൻഡ് നാമം നിലനിർത്തി പൂർണ്ണമായും പുതിയൊരു കാറായിരിക്കും കമ്പനി പുറത്തിറക്കുക. നിർത്തലാക്കി മൂന്ന് വർഷമാകുമ്പോഴും ബ്രാൻഡ് എന്ന നിലയിൽ ‘സാൻട്രോ’യ്ക്കുള്ള സ്വീകാര്യതയും ഉപയോക്താക്കൾക്കിടയിലുള്ള താൽപര്യവുമാണത്രെ ഹ്യുണ്ടേയ് മാനേജ്മെന്റിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.