റെക്കോഡ് ഉൽപ്പാദനത്തോടെ ഫോക്സ്‍‌വാഗൻ പുണെ ശാല

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍‌വാഗന്റെ പുണെ ശാല കഴിഞ്ഞ വർഷം കൈവരിച്ചതു റെക്കോഡ് ഉൽപ്പാദനം. 1,50,150 കാറുകളാണു പുണെയ്ക്കടുത്ത് ചക്കനിലെ ശാലയിൽ കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ചത്. 2009ൽ പ്രവർത്തനം ആരംഭിച്ച ശാല ഇതുവരെ കൈവരിക്കുന്ന ഏറ്റവും ഉയർന്ന ഉൽപ്പാദനമാണിത്. ചക്കൻ ശാലയുടെ മൊത്തം ഉൽപ്പാദനം 8.70 ലക്ഷം യൂണിറ്റും പിന്നിട്ടു. 

തുടർച്ചയായ ആറാം വർഷവും ഉൽപ്പാദന വളർച്ച കൈവരിക്കാനും പുണെ ശാലയ്ക്കു കഴിഞ്ഞു. ആഭ്യന്തര വിപണിയിലെ വിൽപ്പനയ്ക്കൊപ്പം കയറ്റുമതിയിലും വർധന കൈവരിക്കാൻ കഴിഞ്ഞതാണ് ശാലയെ റെക്കോഡ് ഉൽപ്പാദനത്തിലേക്കു നയിച്ചതെന്നു ഫോക്സ്‍‌വാഗൻ വിശദീകരിച്ചു.

രാജ്യത്തു പ്രവർത്തിക്കുന്ന ജർമൻ കാർ നിർമാതാക്കളിൽ സമഗ്രമായ കാർ നിർമാണസൗകര്യമുള്ള ഏക ശാലയാണു ഫോക്സ്‍‌വാഗൻ പുണെയിൽ സ്ഥാപിച്ചിരിക്കുന്നത്; പ്രസിങ് മുതൽ അന്തിമ അസംബ്ലി വരെ നീളുന്ന സൗകര്യങ്ങളാണു ചക്കൻ പ്ലാന്റിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഫോക്സ്വാഗൻ ശ്രേണിയിലെ ‘പോളോ’, ‘അമിയൊ’, ‘വെന്റോ’ എന്നിവയ്ക്കൊപ്പം ചെക്ക് ബ്രാൻഡായ സ്കോഡയ്ക്കു വേണ്ടി ‘റാപിഡും’ ഈ ശാലയിൽ നിർമിക്കുന്നുണ്ട്. കാറുകൾക്കു പുറമെ 1.5 ലീറ്റർ, രണ്ടു ലീറ്റർ ഡീസൽ എൻജിനുകളും ഫോക്സ്‍‌വാഗൻ ഈ ശാലയിൽ നിർമിച്ചു കയറ്റുമതി ചെയ്യുന്നുണ്ട്.

ആഭ്യന്തര വിൽപ്പനയ്ക്കായി 57,000 യൂണിറ്റാണു ഫോക്സ്‍‌വാഗൻ പുണെയിൽ നിർമിച്ചത്; ഫോക്സ്വാഗനു പുറമെ സ്കോഡ കാറുകൾ കൂടി ഉൾപ്പെട്ട കണക്കാണിത്. പുണെയിൽ നിർമിച്ച 93,100 കാറുകളായിരുന്നു കഴിഞ്ഞ വർഷത്തെ കയറ്റുമതി; പ്രധാനമായും ‘പോളോ’യും ‘വെന്റോ’യുമാണു കമ്പനി കയറ്റുമതി ചെയ്തത്.

മൊത്തം 5,720 കോടിയോളം രൂപയാണു ഫോക്സ്‍‌വാഗൻ പുണെ ശാലയിൽ ഇതുവരെ നിക്ഷേപിച്ചിരിക്കുന്നത്. എൻജിനും ട്രാൻസ്മിഷനും ഒഴികെ കാർ നിർമാണത്തിനുള്ള 82% ഘടകങ്ങളും കമ്പനി പ്രാദേശികമായി സമാഹരിക്കുകയാണ്. 3,600 ജീവനക്കാരുള്ള ശാല 2016 മാർച്ച് മുതൽ മൂന്നു ഷിഫ്റ്റിലും പ്രവർത്തിക്കുന്നുണ്ട്.