വോൾവോയ്ക്ക് 2017ൽ റെക്കോഡ് വിൽപ്പന

Volvo Polstar

ആഡംബര കാർ ബ്രാൻഡായ വോൾവോയ്ക്ക് ഇന്ത്യയിൽ കഴിഞ്ഞ വർഷം റെക്കോഡ് വിൽപ്പന. മുൻവർഷത്തെ അപേക്ഷിച്ച് 28% വളർച്ചയോടെ 2,029 യൂണിറ്റാണ് വോൾവോ കാഴ്സ് ഇന്ത്യ കഴിഞ്ഞ വർഷം വിറ്റത്. 2016ൽ 1,585 യൂണിറ്റായിരുന്നു ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ വോൾവോ ഇന്ത്യയിൽ വിറ്റത്. ആകർഷകമായ മോഡൽ അവതരണങ്ങളുടയും പ്രാദേശിക അസംബ്ലിങ്ങിന്റെയും വിപണന ശൃംഖല വിപുലീകരണത്തിന്റെയും ബ്രാൻഡ് എൻഗേജ്മെന്റ് പ്രോഗ്രാമുകളുടെയും പിൻബലത്തിലാണ് കഴിഞ്ഞ വർഷം മികച്ച വിൽപ്പന കൈവരിച്ചതെന്നു വോൾവോ കാഴ്സ് ഇന്ത്യ വിശദീകരിച്ചു.

റെക്കോഡ് പ്രകടനമാണു കമ്പനി കഴിഞ്ഞ വർഷം കാഴ്ചവച്ചതെന്നു വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് അഭിപ്രായപ്പെട്ടു. ‘എസ് 60 പോൾസ്റ്റാർ’, ‘വി 90 ക്രോസ് കൺട്രി’, പുത്തൻ ‘എക്സ് സി 60’ തുടങ്ങിയ മോഡലുകൾ കമ്പനി 2017ൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. ഒപ്പം വിജയകരമായി പ്രാദേശികതലത്തിലുള്ള വാഹന അസംബ്ലിങ് ആരംഭിക്കാനും വോൾവോയ്ക്കു സാധിച്ചു. ഇന്ത്യയിലെ വിപണി വിഹിതം ഇരട്ടിയായി ഉയർത്താനുള്ള ശ്രമത്തിലാണു വോൾവോയെന്നും ഫ്രംപ് വെളിപ്പെടുത്തി. 2020 ആകുമ്പോഴേക്ക് ആഡംബര കാർ വിപണിയിൽ 10% വിഹിതമാണു വോൾവോ ലക്ഷ്യമിടുന്നത്.

പുതിയ ‘എക്സ് സി 60’ വിൽപ്പനയ്ക്കെത്തുന്നതോടെ 2018 കൂടുതൽ ആവേശകരമാവുമെന്നും ഫ്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കൊല്ലം മധ്യത്തോടെ കോംപാക്ട ലക്ഷ്വറി എസ് യു വി വിൽപ്പനയ്ക്കെത്തിക്കാനും വോൾവോയ്ക്കു പദ്ധതിയുണ്ടെന്നു ഫ്രംപ് അറിയിച്ചു.