പുതുവർണ പകിട്ടിൽ ‘വിക്ടർ പ്രീമിയം എഡീഷൻ’

TVS Victor Matte Series

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ചു കഴിഞ്ഞ സെപ്റ്റംബറിലാണു ടി വി എസ് മോട്ടോർ കമ്പനി കമ്യൂട്ടർ ബൈക്കായ ‘വിക്ടറി’ന്റെ ‘പ്രീമിയം എഡീഷൻ’ പുറത്തിറക്കിയത്. കറുപ്പു നിറത്തിൽ പരിഷ്കരിച്ച ഗ്രാഫിക്സോടെ എത്തിയ ബൈക്കിന് 55,065 രൂപയായിരുന്നു ഡൽഹിയിലെ ഷോറൂം വില. പാർശ്വ പാനലുകളിലും ക്രാഷ് ഗാഡിലും ക്രോം സ്പർശത്തിനൊപ്പം സ്വർണ വർണമുള്ള ക്രാങ്ക് കേസും പുത്തൻ ഗ്രാഫിക്സും എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുമൊക്കെയായിരുന്നു ‘പ്രീമിയം എഡീഷൻ വിക്ടറി’ന്റെ സവിശേഷതകൾ. 

ഇപ്പോഴിതാ ‘പ്രീമിയം എഡീഷൻ വിക്ടറി’ൽ രണ്ടു പുതിയ നിറങ്ങൾ കൂടി അവതരിപ്പിരിക്കുകയാണു ടി വി എസ്: വെള്ളയ്ക്കൊപ്പം മാറ്റ് വൈറ്റും ചുവപ്പിനൊപ്പം സിൽവറും. ഇതോടൊപ്പം വൈസറിൽ ക്രോം ഡീറ്റെയ്ലിങ്ങും ഇരട്ട വർണ ബീജ് സീറ്റും ടി വി എസ് ‘പ്രീമിയം എഡീഷൻ വിക്ടറി’ൽ ലഭ്യമാക്കുന്നുണ്ട്. കാഴ്ചയിലെ മാറ്റങ്ങൾക്കപ്പുറം ‘വിക്ടർ പ്രീമിയം എഡീഷനി’ൽ സാങ്കേതികമായ മാറ്റമൊന്നും ടി വി എസ് വരുത്തിയിട്ടില്ല. പുതിയ വർണങ്ങൾക്കൊപ്പം ഡിസ്ക് ബ്രേക്ക് സഹിതവും മഞ്ഞ ഗ്രാഫിക്സോടെ കറുപ്പ്, ചുവപ്പ് നിറങ്ങളിലും ബൈക്ക് വിൽപ്പനയ്ക്കുണ്ട്. 

ബൈക്കിനു കരുത്തേകുന്നത് 110 സി സി, മൂന്നു വാൽവ്, ഓയിൽ കൂൾഡ് ഇകോത്രസ്റ്റ് എൻജിനാണ്; പരമാവധി 9.5 പി എസ് വരെ കരുത്തും 9.4 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. മുൻഗാമിയെ അപേക്ഷിച്ച് കാർബുറേറ്ററിന് വലിപ്പമേറുന്നതിനാലും എയർ ഫിൽറ്ററിനു കൂടുതൽ ശേഷിയുള്ളതിനാലും എക്സോസ്റ്റ് സംവിധാനം ട്യൂൺ ചെയ്തതിനാലുമൊക്കെ ഈ എൻജിന്റെ പ്രവർത്തനം ഏറെ സ്മൂത്ത് ആണെന്നാണു ടി വി എസിന്റെ പക്ഷം. ലീറ്ററിന് 72 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ‘പ്രീമിയം എഡീഷൻ വിക്ടറി’നു ടി വി എസിന്റെ വാഗ്ദാനം. രണ്ടു ലീറ്റർ റിസർവ് സഹിതം എട്ടു ലീറ്ററാണു ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ ശേഷി. ഹോണ്ടയുടെ ‘ലിവൊ’, ടി വി എസിന്റെ തന്നെ ‘സ്റ്റാർ സിറ്റി പ്ലസ്’, ഹീറോ ‘പാഷൻ പ്രോ’ തുടങ്ങിയവയോടാവും ‘വിക്ടർ പ്രീമിയം എഡീഷ’ന്റെ മത്സരം.