എട്ടു മണിക്കൂർ നിർത്താതെ ഡ്രിഫ്റ്റ് ചെയ്ത് ഗിന്നസ് ബുക്കിൽ കയറി ബിഎം‍ഡബ്ല്യു, വിഡിയോ

BMW

ഒരിക്കൽ പോലും വാഹനം നിർത്തിയില്ല, എട്ടുമണിക്കൂർ തുടർച്ചയായ ഡ്രിഫ്റ്റിങ്, പിന്നിട്ടത് 374 കിലോമീറ്ററുകൾ. ഡ്രിഫ്റ്റിങ്ങിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎം‍ഡബ്ല്യു. റെക്കോർഡ് നേട്ടത്തിനിടെ ഒന്നല്ല രണ്ട് ഗിന്നസ് റെക്കോർഡുകളാണ് ബിഎംഡബ്ല്യ എം 5 സ്വന്തമാക്കിയത്.

ബിഎംഡബ്ല്യു ഡ്രൈവിങ് ഇൻട്രക്റ്റർ ജോൺ ഷ്വട്സാണ് പുതിയ റെക്കോർഡ് സ‍ൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ തന്നെ 81.5 കിലോമീറ്റർ ഡ്രിഫ്റ്റ് ചെയ്തു എന്ന റെക്കോർഡാണ് പഴങ്കഥയാക്കി മാറ്റിയത്. 6.6 ലീറ്റർ എൻജിനുള്ള ഈ എം 5 ന് 600 ബിഎച്ച്പി കരുത്തുണ്ട്. എട്ടുമണിക്കൂറിനിടെ അഞ്ചു വട്ടമാണ് ബിഎം‍ഡബ്ല്യു ഇന്ധനം നിറച്ചത്. വാഹനം നിർത്താതെ സമാന്തരമായി മറ്റൊരു എം 5 ഡ്രിഫ്റ്റ് ചെയ്തായിരുന്നു ഇന്ധനം നിറച്ചത്.

വെള്ളം നിറഞ്ഞ പ്രതലത്തിൽ ഏറ്റവും കൂടുതൽ ദൈർഘ്യം രണ്ട് വാഹനങ്ങൾ സമാന്തരമായി ഡ്രിഫ്റ്റ് ചെയ്തതായിരുന്നു രണ്ടാമത്തെ റെക്കോർഡ്. ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ച എം5 ആയിരുന്നു ആ റെക്കോർഡിനായി ഉപയോഗിച്ചത്. ഡ്രിഫ്റ്റിങ്ങിനായി പ്രത്യേകം ഘടിപ്പിച്ച ഇന്ധന ടാങ്കിൽ 50 സെക്കന്റിൽ 68 ലീറ്റർ ഇന്ധനം നിറയ്ക്കാനാകും.