ഫ്യുച്ചര്‍ എസ് കണ്‍സെപ്റ്റ്, ഇലക്ട്രിക് എസ് യു വി, സ്വിഫ്റ്റ്; വാഹന മേളയിലെ താരമാകാന്‍ മാരുതി

Maruti Suzuki's Auto Expo Stars

ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തതുമായി വാഹനമേളയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങികഴിഞ്ഞു. ഫെബ്രുവരി ആദ്യ വാരം തിരിതെളിയുന്ന വാഹന മേള വാഹന നിര്‍മാതാക്കളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അല്‍പ്പം പുറകിലാണെങ്കിലും ജനപങ്കാളിത്തം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച നില്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Swift 2018

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി ഇത്തവണയും പുതിയ നിരവധി വാഹനങ്ങളുമായിട്ടാണ് എത്തുന്നത്. 4200 സ്ക്വയര്‍ മീറ്ററുകളിലായി പരന്നു കിടക്കുന്ന മാരുതിയുടെ പവലിയനില്‍ 18 വാഹനങ്ങളുണ്ടാകും. അരീന, നെക്‌സ, മോട്ടര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ സോണുകളിലായിരിക്കും വാഹനങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുക. മാരുതിയുടെ കോംപാക്റ്റ് ഫ്യുച്ചര്‍ എസ് കണ്‍സെപ്റ്റ്, ഇലക്ട്രിക് എസ് യു വി കണ്‍സെപ്റ്റായ ഇ സര്‍വേയര്‍, പുതിയ സ്വിഫ്റ്റ് എന്നിവയായിരിക്കും മാരുതിയുടെ പവലിയനിലെ പ്രധാന താരങ്ങള്‍.

Future S Concept

മാരുതിയുടെ പുതുതലമുറ ചെറു വാഹന കണ്‍സെപ്റ്റാണ് കോംപാക്റ്റ് ഫ്യുച്ചര്‍ എസ്. ചെറു എസ് യു വി സെഗ്മെന്റിലായിരിക്കും മാരുതിയുടെ പുതിയ കാര്‍ മല്‍സരിക്കാനെത്തുക. മാരുതിയുടെ കോംപാക്റ്റ് എസ് യു വിയായ വിറ്റാര ബ്രെസയെക്കാള്‍ വില കുറവായിരിക്കും പുതിയ ചെറു വാഹനത്തിനെന്നാണു മാരുതി നല്‍കുന്ന സൂചന. എസ് യു വികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മസ്‌കുലറായ ബോഡി എന്നിവയായിരിക്കും പുതിയ കാറിന്. പുതിയ സ്വിഫ്റ്റ് നിര്‍മിക്കുന്ന മാരുതിയുടെ പുതുതലമുറ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനത്തിന്റെ നിര്‍മാണം. എന്‍ട്രി ലെവല്‍ എസ്യുവി സെഗ്്മെന്റ് സൃഷ്ടിച്ച് അതില്‍ ഫ്യുച്ചര്‍ എസിന്റെ അരങ്ങേറ്റം കുറിക്കാനായിരിക്കും മാരുതി ശ്രമിക്കുക. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ മാരുതി വികസിപ്പിക്കുന്ന പുതിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തിലുണ്ടാകും. 2019 ല്‍ പുതിയ ചെറു എസ് യു വി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Suzuki e-Survivor

കഴിഞ്ഞ വര്‍ഷം നടന്ന ടൊക്കിയോ മോട്ടോര്‍ഷോയിലെ സുസുക്കിയുടെ പ്രധാന ആകര്‍ഷണമായിരുന്നു ഇലക്ട്രിക് എസ് യു വി കണ്‍സെപ്റ്റായ ഇ സര്‍വേയര്‍. 2017 ല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ഇലക്ട്രിക്ക് എസ് യുവി രണ്ടു സീറ്റര്‍ കണ്‍സെപ്റ്റ് മോഡലാണ്. എസ് യു വികളുടെ മസ്‌കുലര്‍ രൂപവും ഉയര്‍ന്ന ഗ്രൗണ്ട്ക്ലിയറന്‍സും വലിയ ടയറുകളുമുള്ള എസ് യു വി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനത്തിന്റെ നാലു വീലുകള്‍ക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്.

പുതിയ സ്വിഫ്റ്റിനെ മാരുതി നേരത്തെ പ്രദര്‍ശിപ്പിച്ചെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. മേളയിലെ ആദ്യ ദിവസങ്ങളില്‍ തന്നെ പുതിയ സ്വിഫ്റ്റിനെ വില മാരുതി പ്രഖ്യാപിക്കും. ഇതു കൂടാതെ മാരുതിയുടെ അടുത്ത തലമുറ ഹൈബ്രിഡ് ടെക്‌നോളജിയും വാഹനമേളയിലെ മാരുതിയുടെ പവലിയനില്‍ കാണാന്‍ സാധിക്കും.