റിപ്പബ്ലിക് ദിനത്തില്‍ താരമാകാന്‍ ഇന്ത്യയുടെ സ്വന്തം ‘രുദ്ര’

HAL Rudra

റിപ്പബ്ലിക് ദിന പരേഡില്‍ ന്യൂഡല്‍ഹിയിലെ താരമാകാന്‍ ഇന്ത്യയുടെ സ്വന്തം രുദ്ര. കരസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലഘു യുദ്ധ ഹെലികോപ്റ്ററിന്റെ ആദ്യ പൊതുദർശനത്തനായിരിക്കും ന്യൂഡൽഹി സാക്ഷിയാകുക. എയർഫോഴ്സിന്റെ ഫ്ലൈപാസ്റ്റിൽ രണ്ടാം ബ്ലോക് ആരംഭിക്കുന്നത് രുദ്രയുടെ വരവോടു കൂടിയാണ്. 21 ഫൈറ്റർ ജെറ്റുകളും 12 ഹെലികോപ്റ്ററുകളും അഞ്ച് ട്രാൻസ്പോർട്ടർ വിമാനങ്ങളുമടക്കം 38 എയർക്രാഫ്റ്റുകളാണ് എയർഫോഴ്സിന്റെ ഫ്ലൈപാസ്റ്റിൽ അണിനിരക്കുക.

HAL Rudra

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് രുദ്ര എന്ന ലഘു യുദ്ധ ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. എച്ച്എഎല്ലിന്റെ തന്നെ ദ്രുവ് ഹെലികോപ്റ്ററിന്റെ ആയുധം ഘടിപ്പിച്ച പതിപ്പാണ് രുദ്ര. ദ്രുവിന്റെ ഘടന അതേപടി നിലനിർത്തിയതിനാൽ രുദ്രയെ പെട്ടെന്നുതന്നെ പുറത്തിറക്കാൻ സാധിച്ചു.

ഹെലികോപ്റ്ററിന്റെ ഡിസൈന്‍, നിര്‍മ്മാണം, ആയുധം ഘടിപ്പിക്കല്‍ എന്നിവയെല്ലാം തദ്ദേശീയമായാണ് പൂര്‍ത്തിയാക്കിയത്. പകലും രാത്രിയിലും ഒരുപോലെ മിന്നൽ ആക്രമണങ്ങൾ‌ നടത്താൻ രുദ്രയ്ക്കാകും. കരസേനയുടെ മുന്‍നിര പോരാട്ടങ്ങള്‍ക്കായാണ് രുദ്രയെ ഉപയോഗിക്കുക. ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈൽ തൊടുക്കാനും രുദ്രയ്ക്കാകും. കൂടാതെ ഹെലികോപ്റ്ററിന്റെ നേവി പതിപ്പിന് ആൻഡി ഷിപ്പ് മിസൈലുകളും ടോർപ്പിഡോകളും വിക്ഷേപിക്കാൻ കഴിയും.20 എം.എം. തോക്കുകള്‍, 70 എം. എം. റോക്കറ്റുകള്‍, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്.

ഒന്നോ രണ്ടോ പൈലറ്റുമാരേയും 12 സൈനികരേയും രുദ്രയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കും. 15.87 മീറ്റർ നീളവും 4.98 മീറ്റർ ഉയരവുമുണ്ട് രുദ്രയ്ക്ക്. പരമാവധി 5500 കിലോഗ്രാം വരെ ഭാഗത്തോടെ പറന്നുയരാനുള്ള ശേഷിയും രുദ്രയ്ക്കുണ്ട്. ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിച്ച ടർബോമെക്ക ശക്തി ടർബോഷാഫ്റ്റ് എൻജിനാണ് ഉപയോഗിക്കുന്നത്. 1000 കിലോവാട്ട് കരുത്തുപകരും ഈ എൻജിനുകൾ. 290 കിലോമീറ്ററാണ് ദ്രുവിന്റെ പരമാവധി വേഗം.