ടി വി എസിന്റെ പ്രീമിയം സ്കൂട്ടർ അവതരണം 5ന്

ഏറെ നാളായി പരീക്ഷണഘട്ടത്തിലുള്ള പ്രീമിയം സ്കൂട്ടറിന്റെ അരങ്ങേറ്റത്തിനു ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനി തയാറെടുക്കുന്നു. ഓട്ടോ എക്സ്പോയ്ക്കു മുന്നോടിയായി ഫെബ്രുവരി അഞ്ചിനു ടി വി എസ് ഈ പുതിയ സ്കൂട്ടർ അവതരണ ചടങ്ങ് സംഘടിപ്പിക്കുമെന്നാണു സൂചന; ഇതിനു മുന്നോടിയായി സ്കൂട്ടറിന്റെ എൽ ഇ ഡി ടെയ്ൽ ലാംപ് ടി വി എസ് അനാവരണം ചെയ്തിട്ടുണ്ട്. 

രാജ്യത്തെ നിരത്തുകളിൽ ടി വി എസ് ഈ പുതിയ സ്കൂട്ടറിന്റെ പരീക്ഷണ ഓട്ടം പലതവണ നടത്തിയിരുന്നു. ആ ഘട്ടത്തിൽ സ്കൂട്ടറിന്റെ മുൻഏപ്രണിൽ ഘടിപ്പിച്ച ഹെഡ്ലാംപും ടെയിൽ ലാംപും ഇൻഡിക്കേറ്ററുകളുമൊക്കെ അനാവൃതവുമായിരുന്നു. സ്പോർട്ടി അലോയ് വീലും മുന്നിൽ പെറ്റൽ ഡിസ്ക് ബ്രേക്കും എക്സോസ്റ്റ് മഫ്ളറുമൊക്കെയാണു സ്കൂട്ടറിനുള്ളതെന്നും വ്യക്തമായിരുന്നു. 

പ്രീമിയം മോട്ടോർ സൈക്കിളുകളോടു കിട പിടിക്കുന്ന പൂർണതോതിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ടി വി എസ് ഈ സ്കൂട്ടറിൽ ലഭ്യമാക്കുമെന്നാണു പ്രതീക്ഷ. 12 ഇഞ്ച് അലോയ് വീലിനൊപ്പം വീതിയേറിയ ട്യൂബ്രഹിത ടയറുകളാവും സ്കൂട്ടറിന്റെ മുന്നിൽ; ടെലിസ്കോപിക് സസ്പെൻഷനും മുന്നിലുണ്ടാവും. 

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ആശയമെന്ന നിലയിൽ പ്രദർശിപ്പിച്ച ‘ഗ്രാഫൈറ്റി’ന്റെ രൂപകൽപ്പനയാണു പുതിയ സ്കൂട്ടറിൽ ടി വി എസിനു വഴി കാട്ടുന്നതെന്നാണു സൂചന. ഇതോടൊപ്പം ‘അക്യുല 310’ റേസിങ് കൺസപ്റ്റും ടി വി എസ് പ്രദർശിപ്പിച്ചിരുന്നു; ഈ ബൈക്കാണ് ‘അപാച്ചെ ആർ ആർ 310’ എന്ന പേരിൽ അടുത്തയിടെ കമ്പനി യാഥാർഥ്യമാക്കിയത്. ഇതിനു പിന്നാലെയാണ് ടി വി എസ് ‘ഗ്രാഫൈറ്റ്’ അടിത്തറയാവുന്ന സ്കൂട്ടറും ഉൽപ്പാദനസജ്ജമാക്കുന്നത്.

പുതിയ, കരുത്തേറിയ 125 സി സി എൻജിനാവും ഈ പ്രീമിയം സ്കൂട്ടറിനു കരുത്തേകുകയെന്നാണു പ്രതീക്ഷ. 125 സി സി പ്രീമിയം വിഭാഗത്തിൽ ‘സുസുക്കി അക്സസ് 125’, ‘ഹോണ്ട ആക്ടീവ് 125’, ‘ഹോണ്ട ഗ്രാസ്യ’ തുടങ്ങിയവയാകും ടി വി എസിന്റെ സ്കൂട്ടറിന് എതിരാളികൾ.