ലാന്‍ഡ് റോവര്‍ ലുക്കില്‍ എത്തുന്ന പ്രീമിയം എസ് യു വിയുടെ പേര് അറ്റ്‌മോസ്

Land Rover Discovery Vision Concept (Representational Image)

ലാന്‍ഡ് റോവര്‍ ലുക്കില്‍ എത്തുന്ന ടാറ്റയുടെ പ്രീമിയം എസ് യു വിയുടെ പേര് അറ്റ്‌മോസ്. ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹനത്തിന്റെ പേര് അറ്റമോസ് എന്നായിരിക്കും എന്നാണ് ടാറ്റയില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍. എച്ച്5 എന്ന കോഡു നാമത്തില്‍ അറിയപ്പെടുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ ടാറ്റ നേരത്തെ ആരംഭിച്ചിരുന്നു.

ലാന്‍ഡ് റോവര്‍ എല്‍550 പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ പ്രീമിയം എസ്‌യുവിയെ ടാറ്റ നിര്‍മിക്കുന്നത്. അഞ്ച് സീറ്റര്‍, ഏഴു സീറ്റര്‍ വകഭേദങ്ങളില്‍ പുതിയ എസ് യു വി എത്തുമെന്നാണ് പ്രതീക്ഷ. ലുക്കിലും സ്‌റ്റൈലിലും ലാന്‍ഡ് റോവര്‍ എസ്‌യുവികളോട് സാമ്യം തോന്നുന്ന ഡിസൈനായിരിക്കും പുതിയ വാഹനത്തിന്. അടുത്ത വര്‍ഷം വാഹനത്തെ പുറത്തിറക്കാനാണ് ടാറ്റയുടെ പദ്ധതി. ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി വിഷന്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ വാഹനത്തെ ടാറ്റ ഡിസൈന്‍ ചെയ്യുക.

ജീപ്പ് കോംപസില്‍ ഉപയോഗിക്കുന്ന ഫീയറ്റിന്റെ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനാകും പുതിയ എസ്‌യുവിയില്‍ ഉപയോഗിക്കുക. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടില്‍ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡല്‍ ജീപ്പ് കോംപസുമായി മത്സരിക്കുമ്പോള്‍ ഏഴു സീറ്റ് മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക. ഏഴു സീറ്റുള്ള പതിപ്പിന് 170 ബിഎച്ച്പിയും അഞ്ചു സീറ്റുള്ള പതിപ്പിന് 140 ബിഎച്ച്പിയുമായിരിക്കും കരുത്ത്. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളില്‍ പുതിയ വാഹനം ലഭ്യമാകും.