ഇനിയില്ല ഗ്രിഡ് ഗേൾ; ട്രാക്കിനു സൗന്ദര്യ നഷ്ടം

Representative Image

ഫോർമുല വൺ മത്സരട്രാക്കുകളിലെ സൗന്ദര്യക്കാഴ്ചയായിരുന്ന ഗ്രിഡ് ഗേൾ പാരമ്പര്യത്തിന് അന്ത്യമാവുന്നു. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ പുതിയ സീസൺ മുതൽ ഫോർമുല വൺ കാറുകളുടെ സാരഥികൾക്ക് അകമ്പടിയേകാനും അവരെ കുട ചൂടിക്കാനുമൊക്കെ രംഗത്തെത്തുന്ന ഈ സുന്ദരികളെ സ്റ്റാർട്ടിങ് ഗ്രിഡിൽ നിന്നു പുറത്താക്കാനാണു ടീം മേധാവികളുടെ തീരുമാനം. ലോക ചാംപ്യൻഷിപ് പരിഷ്കരിക്കാൻ മത്സരസംഘാടകരായ ലിബർട്ടി മീഡിയ തീരുമാനിച്ച പിന്നാലെയാണ് ഫോർമുല വണ്ണിൽ നിന്നു ഗ്രാൻപ്രികളിൽ നിന്നുമൊക്കെ ഗ്രിഡ് ഗേൾ ശൈലി പിൻവാങ്ങുന്നത്. 

ഗ്രാൻപ്രി റേസിങ്ങിന് ലിബർട്ടി മീഡിയ ആഗ്രഹിക്കുന്ന പുത്തൻ ബ്രാൻഡ് പ്രതിച്ഛായയുമായി ഗ്രിഡ് ഗേൾ പാരമ്പര്യം പൊരുത്തപ്പെടുന്നില്ലെന്നാണ് ഫോർമുല വണ്ണിന്റെ വാണിജ്യ വിഭാഗം മേധാവി സീൻ ബ്രാച്ചസിന്റെ വിലയിരുത്തൽ. ഈ കായിക വിനോദത്തിന് അനുയോജ്യമായ കാഴ്ചപ്പാട് കൈവരിക്കാൻ എന്തൊക്കെ മാറ്റം വരുത്തണമെന്ന് ഒരു വർഷത്തോളമായി ആലോചന പുരോഗമിക്കുന്നുണ്ട്. പരിഷ്കാരം അനിവാര്യമായ ഒട്ടേറെ മേഖലകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നു ബ്രാച്ചസ് വ്യക്തമാക്കി.

ദശാബ്ദങ്ങളായി ഫോർമുല വൺ ഗ്രാൻപികളിൽ സുന്ദരികളെ ഗ്രിഡ് ഗേൾസ് ആയി നിയോഗിക്കുന്നുണ്ട്. എന്നാൽ ലിബർട്ടി ആഗ്രഹിക്കുന്ന ബ്രാൻഡ് മൂല്യവുമായോ ആധുനിക കാലത്തെ സാമൂഹിക നിലവാരവുമായോ ഈ രീതി പൊരുത്തപ്പെടുന്നില്ലെന്നു ബ്രാച്ചസ് അഭിപ്രായപ്പെട്ടു.  ആഗോളതലത്തിലെ ഫോർമുല വൺ ആരാധകർക്കും ഈ ശൈലിയോടു പ്രതിപത്തിയുണ്ടെന്നു കരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കാഴ്ചപ്പകിട്ടിനു മാത്രമായി യുവതികളെ ഉപയോഗിക്കുന്ന രീതിയോടു ഫോർമുല വൺ മാത്രമല്ല മുഖംതിരിക്കുന്നത്; കഴിഞ്ഞ ആഴ്ച യു കെയിലെ പ്രഫഷനൽ ഡാർട്സ് കോർപറേഷനും(പി ഡി സി) വോക്ക് ഓൺ ഗേൾസ് സമ്പ്രദായത്തോടു വിട പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കളിക്കാരും മുപ്പതിനായിരത്തോളം ആരാധകരും വോക്ക് ഓൺ ഗേൾസ് തുടരണമെന്നു പി ഡി സിയോട് ആവശ്യപ്പെടുകയും ചെയ്തു. പോരെങ്കിൽ യു കെ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങൾ പ്രഫഷനൽ ഡാർട്സിന്റെ പാരമ്പര്യമായി കണക്കാക്കുന്ന വോക്ക് ഓൺ ഗേൾസ് രീതി തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.