പുത്തൻ ‘ക്യു ഫൈവി’ന് 500 ബുക്കിങ്ങെന്ന് ഔഡി

Audi Q 5

അടുത്തയിടെ ഇന്ത്യയിലെത്തിയ ‘ക്യു ഫൈവി’ന് അഞ്ഞൂറിലേറെ ബുക്കിങ്ങുകൾ ലഭിച്ചെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി. ഇതിഹാസ മാനങ്ങളുള്ള ‘ക്വാട്രൊ’ ഫോർ വീൽ ഡ്രൈവിന്റെ സാന്നിധ്യമാണ് ‘ക്യു’ ശ്രേണിക്ക് മികച്ച സ്വീകാര്യത സൃഷ്ടിക്കുന്നതെന്നാണ് ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഔഡിയുടെ അവകാശവാദം. അരങ്ങേറ്റം കുറിച്ച് ഒറ്റ മാസത്തിനകമാണ് പുതിയ ‘ക്യു ഫൈവ്’ അഞ്ഞൂറോളം ബുക്കിങ്ങുകൾ വാരിക്കൂട്ടിയത്. 

പുകൾ പെറ്റ ഓൾ വീൽ ഡ്രൈവ് ‘ക്വാട്രൊ’ സംവിധാനത്തിനൊപ്പം കാര്യക്ഷമതയേറിയ എൻജിനും ഇൻഫൊടെയ്ൻമെന്റ് സംവിധാനവുമൊക്കെ ചേരുന്നതോടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ ‘ക്യു ഫൈവ്’ ബഹുദൂരം മുന്നിലാണെന്നും ഔഡി അവകാശപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ 53.25 ലക്ഷം രൂപ മുതലാണ് ‘ക്യു ഫൈവി’നു വില.

ഇന്ത്യയിലെ വിൽപ്പനയിൽ ഗണ്യമായ സംഭാവന നൽകുന്നത് ‘ക്യു ഫൈവ്’ ആണെന്ന് ഔഡി ഇന്ത്യ മേധാവി രാഹിൽ അൻസാരി അഭിപ്രായപ്പെട്ടു. സ്റ്റൈലിലും പരിഷ്കാരത്തിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ‘ക്യു ഫൈവ്’ തേടിയെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയിൽ 2009ൽ അരങ്ങേറ്റം കുറിച്ചതു മുതൽ ഉപയോക്താക്കളുടെ ഇഷ്ടവാഹനമാണ് ‘ക്യു ഫൈവ്’. പുതിയ ‘ക്യു ഫൈവ്’ എത്തിയതോടെ മോഡലിന്റെ സ്വീകാര്യത വീണ്ടും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.