ഒന്നാമനാകാൻ സ്വിഫ്റ്റ്, ആദ്യ മാസം തന്നെ ബൊലേനൊയെ തകർത്ത മുന്നേറ്റം

Swift Vs Baleno

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സ്വിഫ്റ്റ് വിൽപ്പനയിൽ മുന്നേറുന്നു.  വില പ്രഖ്യാപിക്കും മുമ്പേ തന്നെ 30000 അധികം ബുക്കിങ്ങുകള്‍ സ്വിഫ്റ്റിന് ലഭിച്ചെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. വിപണിയിലെത്തി ആദ്യമാസത്തെ വിൽപ്പന കണക്കുകൾ പ്രകാരം 17291 യൂണിറ്റ് സ്വിഫ്റ്റുകളാണ് നിരത്തിലെത്തിയത്. മാരുതിയുടെ ബൊലേനൊയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള കാറുകളിൽ മൂന്നാം സ്ഥാനത്ത് എത്തി സ്വിഫ്റ്റ്. 15807 യൂണിറ്റുകളായിരുന്നു ബൊലേനൊയുടെ ഫെബ്രുവരി മാസത്തെ വിൽപ്പന.  കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 40 ശതമാനത്തിൽ അധിക വളർച്ചയാണ് സ്വിഫ്റ്റിന് ലഭിച്ചത്. 

ബൊലേനൊ നിർമിക്കുന്ന അതേ ഹേർടെക് പ്ലാറ്റ്ഫോമിൽ തന്നെയാണ് സുസുക്കി പുതിയ സ്വിഫ്റ്റിനേയും നിർമിക്കുന്നത്. ഫെബ്രുവരി ആദ്യം നടത്ത ഓട്ടോ എക്സ്പോയിൽ പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോ‍ഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99  ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. 

എൻജിനിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതിയ പതിപ്പ് എത്തിയത്. 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനും തന്നെയാണ് പുതിയ സ്വിഫ്റ്റിനും കരുത്തേകുന്നത്. മാനുവൽ ഗിയർബോക്സ് കൂടാതെ എഎംടി വകഭേദങ്ങളൊടെയാണ് പുതിയ സ്വിഫ്റ്റ് എത്തിയത്. പെട്രോൾ എൻജിനുള്ള ‘വി എക്സ് ഐ’, ‘സെഡ് എക്സ് ഐ’, ഡീസൽ എൻജിനുള്ള ‘വി ഡി ഐ’, ‘സെഡ് ഡി ഐ’ വകഭേദങ്ങളാണ് ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സൗകര്യത്തോടെ ലഭിക്കുക. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.