ബുള്ളറ്റിനെ കളിയാക്കാൻ ഡൊമിനറിന് ഒരു ആയുധം കൂടി

Dominar 400

അവതരണ വേള മുതൽ ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനത്തോടെയും ഈ സൗകര്യമില്ലാതെയും വിൽപ്പനയ്ക്കുണ്ടായിരുന്ന ബൈക്കാണ് ബജാജിന്റെ ‘ഡൊമിനർ 400’. എന്നാൽ ബൈക്കിന്റെ എ ബി എസ് രഹിത വകഭേദം പിൻബലിക്കാനാണു ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പുതിയ തീരുമാനം. നിലവിൽ 1.44 ലക്ഷം രൂപയാണ് എ ബി എസ് ഇല്ലാത്ത ‘ഡൊമിനറി’ന്റെ ഡൽഹിയിലെ ഷോറൂം വില.

‘ഡൊമിനർ 400’ വാങ്ങാനെത്തുന്നവരിൽ 80 ശതമാനത്തിലേറെയും എ ബി എസുള്ള വകഭേദമാണു തിരഞ്ഞെടുക്കുന്നതെന്നാണു ബജാജിന്റെ കണക്ക്. ഈ പശ്ചാത്തലത്തിലാണ് എ ബി എസ് ഇല്ലാത്ത ‘ഡൊമിനർ 400’ ഒഴിവാക്കുന്നതെന്നും കമ്പനി വിശദീകരിക്കുന്നു. ഇതോടെ ‘ഡൊമിനറി’ന്റെ ഡൽഹിയിലെ വില 1.58 ലക്ഷം രൂപ മുതലാവും. 

പുതിയ മൂന്നു നിറങ്ങൾ അവതരിപ്പിച്ച് ഇക്കൊല്ലം ബജാജ് ‘ഡൊമിനർ’ ശ്രേണി നവീകരിച്ചിരുന്നു; റോക്ക് മാറ്റ് ബ്ലാക്ക്, കാന്യൻ റെഡ്, ഗ്ലേഷ്യർ ബ്ലൂ നിറങ്ങളിൽ കൂടിയാണ് ‘ഡൊമിനർ 400’ ഇപ്പോൾ ലഭ്യമാവുന്നത്. ഈ നിറങ്ങൾക്കൊപ്പം സ്വർണ വർണമുള്ള വീലും ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഓസ്ട്രിയൻ പങ്കാളിയായ കെ ടി എമ്മിന്റെ ‘390 ഡ്യൂക്കി’ൽ നിന്നു കടംകൊണ്ട 373 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ് ‘ഡൊമിനറി’നു കരുത്തേകുന്നത്. റീട്യൂൺ ചെയ്ത ഈ ലിക്വിഡ് കൂൾഡ് എൻജിന് 8,000 ആർ പിഎമ്മിൽ 34.5 ബി എച്ച് പി വരെ കരുത്തും 6,500 ആർ പി എമ്മിൽ 35 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. മുന്നിൽ 43 എം എം പരമ്പരാഗത ടെലിസ്കോപിക് ഫോർക്കും പിന്നിൽ അഡ്ജസ്റ്റബ്ൾ മോണോ ഷോക്കുമാണു സസ്പെൻഷൻ. എൽ ഇ ഡി ഹെഡ്ലാംപ്, ടെയിൽ ലാംപ്, റിവേഴ്സ് എൽ സി ഡി ഡിജിറ്റൽ ഡിസ്പ്ലേ തുടങ്ങിയവയൊക്കെയായാണു ‘ഡൊമിനർ 400’ എത്തുന്നത്.