2,100 ലേയ്‌ലൻഡ് ബസ് വാങ്ങാൻ തമിഴ്നാട്

തമിഴ്നാട്ടിലെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 2,100 ബസ് വിൽക്കാനുള്ള കരാർ അശോക് ലേയ്‌ലൻഡ് സ്വന്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്(ഐ ആർ ടി) മുഖേന ലഭിച്ച കരാർ പ്രകാരം 2,000 ഷാസികളും ബോഡി ചെയ്ത 100 ചെറു ബസ്സുകളുമാണ് അശോക് ലേയ്ലൻഡ് ലഭ്യമാക്കുക. മൊത്തം 321 കോടി രൂപ വിലയ്ക്കുള്ള ബസ്സുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ കൈമാറാനാണു കമ്പനിയുടെ പദ്ധതി.

തമിഴ്നാട്ടിലെ പൊതു മേഖല ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് 2,100 ബസ് വിൽക്കാൻ ധാരണയായ വിവരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ ഇ)നെയാണ് അശോക് ലേയ്ലൻഡ് അറിയിച്ചത്. 321 കോടി രൂപ വില മതിക്കുന്ന ഓർഡർ 2018 — 19ന്റെ ആദ്യ പകുതിയിൽ തന്നെ പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. ഐ ആർ ടിയിൽ നിന്ന് പുതിയ ഓർഡർ നേടാനായതിൽ ആഹ്ലാദമുണ്ടെന്ന് അശോക് ലേയ്‌ലൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വിനോദ് കെ ദാസരി അറിയിച്ചു. ഐ ആർ ടിയുമായി കാലമേറെയായി തുടരുന്ന, അഭിമാനാർഹമായ സഖ്യമാണു കമ്പനിക്കുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതിനിടെ ഫെബ്രുവരിയിലെ വാഹന വിൽപ്പനയിൽ 29% വളർച്ച കൈവരിക്കാനും അശോക് ലേയ്‌ലൻഡിനു സാധിച്ചു. മൊത്തം 18,181 വാണിജ്യ വാഹനങ്ങളാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. 2017 ഫെബ്രുവരിയിൽ 14,067 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്. ഇടത്തരം, ഭാര വാണിജ്യ വാഹന വിൽപ്പനയിൽ 21% വളർച്ചയാണ് ഫെബ്രുവരിയിൽ അശോക് ലേയ്‌ലൻഡ് കൈവരിച്ചത്; 2017 ഫെബ്രുവരിയിൽ ഇത്തരം 11,329 വാഹനങ്ങൾ വിറ്റത് കഴിഞ്ഞ മാസം 13,726 ആയാണ് ഉയർന്നത്. ലഘുവാണിജ്യ വാഹന(എൽ സി വി) വിൽപ്പനയിലാവട്ടെ 63% വർധനയാണ് അശോക് ലേയ്‌ലൻഡ് കൈവരിച്ചത്; 2017 ഫെബ്രുവരിയിൽ 2,738 യൂണിറ്റ് വിറ്റത് കഴിഞ്ഞ മാസം 4,455 എണ്ണമായിട്ടാണ് വർധിച്ചത്.