സൂപ്പർ ബൈക്കിൽ ഇന്ത്യ കുതിക്കുമെന്നു ട്രയംഫ്

അടുത്ത അഞ്ചു വർഷത്തിനിടെ വലിയ ബൈക്കുകളുടെ ആഗോള വിപണികളിൽ ആദ്യ അഞ്ചിൽ ഇന്ത്യ ഇടംപിടിക്കുമെന്ന് ബ്രിട്ടീഷ് സൂപ്പർബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസ്. നടപ്പു സാമ്പത്തിക വർഷം ആറു പുതിയ മോഡലുകൾ അവതരിപ്പിച്ചതോടെ ട്രയംഫിന്റെ ഇന്ത്യൻ മോഡൽ ശ്രേണിയിൽ 15 ബൈക്കുകളായി. ആഗോളതലത്തിൽ 27 ബൈക്കുകളാണ് ട്രയംഫ് വിൽപ്പനയ്ക്കെത്തിക്കുന്നത്.

നാലു വർഷം മുമ്പ് 2014ലാണ് ട്രയംഫ് ഇന്ത്യയിലെത്തിയത്; തുടർന്ന് ഇതുവരെ അയ്യായിരത്തോളം ബൈക്കുകളാണു കമ്പനി ഇന്ത്യയിൽ വിറ്റത്. 2010ൽ ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിയ ‘ടൈഗർ’ ബൈക്കുകളുടെ ഇന്ത്യയിലെ വിൽപ്പന എണ്ണൂറോളം യൂണിറ്റാണ്. ട്രയംഫിന് ആഗോളതലത്തിലുള്ള 15 ഉപസ്ഥാപനങ്ങളിൽ ആദ്യ പത്തിലാണ് ഇന്ത്യൻ യൂണിറ്റിന്റെ സ്ഥാനമെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി വെളിപ്പെടുത്തി. വരുംവർഷങ്ങളിൽ സൂപ്പർബൈക്ക് വിൽപ്പനയിൽ ഇന്ത്യ ലോകത്തെ ആദ്യ അഞ്ചു വിപണികളിലൊന്നാവുമെന്നാണു പ്രതീക്ഷയെന്നും സുംബ്ലി അഭിപ്രായപ്പെട്ടു.

അടുത്ത ആറോ എട്ടോ മാസത്തിനകം ഇന്ത്യയിലെ മോഡൽ ശ്രേണി കൂടുതൽ വിപുലീകരിക്കുമെന്നും 18 — 19 സൂപ്പർ ബൈക്കുകൾ ഇന്ത്യയിൽ ലഭ്യമാക്കുമെന്നും സുംബ്ലി അറിയിച്ചു. ജൂൺ അവസാനത്തോടെയാവും പുതിയ ബൈക്കുകൾ ഇന്ത്യയിലെത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ടൈഗർ’ ബൈക്കുകളുടെ പുത്തൻ ശ്രേണിയും ട്രയംഫ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു; 11.76 ലക്ഷം മതുൽ 13.76 ലക്ഷം രൂപ വരെയാണു ബൈക്കുകളുടെ വില. ഷാസിസിലും എൻജിനിലുമൊക്കെയായി ഇരുനൂറോളം പരിഷ്കാരങ്ങളോടെയാണു ബൈക്കുകൾ എത്തുന്നതെന്നും സുംബ്ലി അവകാശപ്പെട്ടു. അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിൽ പുതിയ 10 ഡീലർഷിപ് തുറക്കുമെന്നും സുംബ്ലി അറിയിച്ചു. ഇക്കൊല്ലം തന്നെ ഗോവയിലും മംഗലൂരുവിലും മിക്കവാറും കോയമ്പത്തൂരിലും പുതിയ ഡീലർഷിപ്പുകൾ പ്രവർത്തനം ആരംഭിക്കും.