വിദ്യാർത്ഥികൾക്ക് പഠിക്കാൻ ബിഎം‍ഡബ്ല്യു നൽകുന്നത് 365 എൻജിനുകൾ

Sachin Tendulkar with Anna University Students at BMW Group Plant Chennai

രാജ്യത്തെ എൻജീനിയറിങ് വിഭാഗത്തിന് മികവേകുന്ന സ്കിൽ നെക്സ്റ്റ് പദ്ധതിയുമായി ബിഎംഡബ്ല്യു. ബ്രാൻഡ് അംബാസിഡർ സച്ചിൻ തെണ്ടുൽക്കറാണ് സ്കിൽ നെക്സ്റ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പ്രമുഖ എന്‍ജീനിയറിങ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് 365  ബിഎംഡബ്ല്യു എന്‍ജിനുകളും ട്രാന്‍സ്മിഷനുകളും നൽകുക.

ബിഎംഡബ്ല്യു ഗ്രൂപ്പ് ചെന്നൈ നിർമാണ ശാലയുടെ പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്കീൽ‌ നെക്സറ്റ് പദ്ധതി ആവിഷ്കരിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും അണ്ണാ യൂണിവേഴ്‌സിറ്റി, കോളജ് ഓഫ് എന്‍ജീനിയറിങ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എന്‍ജിനും ട്രാന്‍സ്മിഷനും അസംബിൾ ചെയ്തതോടെയാണ് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.   പദ്ധതിയിലൂടെ 365 ബിഎംഡബ്ല്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റുകളും എന്‍ജിനീയറിങ്, ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുവേണ്ടി സൗജന്യമായി നല്‍കുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചത്. ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുക്കുന്ന എന്‍ജിനിയറിങ് കോളജുകളിലും ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പോളി ടെക്‌നിക്കുകളിലും  എന്‍ജിനും ട്രാന്‍സ്മിഷനും സൗജന്യമായി നല്‍കും. 

ക്യാംപസുകള്‍ക്കുള്ളിലെ ലബോറട്ടറികളില്‍ പഠനാവശ്യത്തിന് മാത്രമെ എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും ഉപയോഗിക്കാന്‍ പാടുള്ളുവെന്ന നിബന്ധനയോടെയാണ് യൂണിറ്റുകള്‍ കൈമാറുന്നത്. സ്‌കില്‍ നെക്സ്റ്റ് പദ്ധതിയിലൂടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക അറിവിന്റെ കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിക്കുമെന്നും. അതുവഴി കൂടുതൽ സാങ്കേതിക വിദഗ്ധരെ രാജ്യത്തിന് ലഭിക്കുമെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. 

ബിഎംഡബ്ല്യു ട്വിന്‍പവര്‍ ടര്‍ബോ ഇന്‍-ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും ബിഎംഡബ്ല്യു എയിറ്റ് സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമാണ് നൽകുക.  2007 മുതല്‍ കസ്റ്റമേഴ്‌സിന് നല്‍കിയ 50,000 ത്തോളം യൂണിറ്റുകള്‍ക്ക് കരുത്തു പകരുന്ന എന്‍ജിനാണിത്.