2 ലക്ഷത്തിന്റെ തിളക്കത്തിൽ ‘ദോസ്ത്’

ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്ലൻഡിന്റെ ഹൊസൂർ ശാലയിൽ നിന്നുള്ള ഉൽപ്പാദനം രണ്ടു ലക്ഷം യൂണിറ്റിലെത്തി. 2011 സെപ്റ്റംബറിൽ ലഘു വാണിജ്യ വാഹന(എൽ സി വി)മായ ‘ദോസ്ത്’ നിർമിച്ചായിരുന്നു ഈ ശാലയുടെ പ്രവർത്തനം ആരംഭിച്ചത്. മൂന്നു വർഷത്തിനു ശേഷം 2015 മാർച്ചിൽ ‘ദോസ്ത്’ ഉൽപ്പാദനം ഒരു ലക്ഷം യൂണിറ്റിലെത്തിയിരുന്നു. എൽ സി വി വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചതോടെ രണ്ടു ലക്ഷത്തോളം പുതിയ ഉപയോക്താക്കളെ നേടാനായെന്നാണ് അശോക് ലേയ്ലൻഡിന്റെ കണക്ക്. ‘ആപ്കീ ജീത്, ഹമാരി ജീത്’(താങ്കളുടെ വിജയം, ഞങ്ങളുടെ വിജയം) എന്ന വാഗ്ദാനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമായതെന്നും അശോക് ലേയ്ലൻഡ് വിലയിരുത്തുന്നു.

ആറു വർഷത്തിനകം രണ്ടു ലക്ഷത്തോളം എൽ സി വികൾ നിരത്തിലെത്തിക്കാനായത് ഉപയോക്താക്കൾക്കു കമ്പനിയിലുള്ള വിശ്വാസത്തിനു തെളിവാണെന്ന് അശോക് ലേയ്ലൻഡ് പ്രസിഡന്റ്(എൽ സി വി) നിതിൻ സേഥ് അഭിപ്രായപ്പെട്ടു. പരിമിതമായ ഉൽപന്ന ശ്രേണിയും വിലക്കിഴിവ് അനുവദിക്കില്ലെന്ന നയവുമൊക്കെ വെല്ലുവിളി സൃഷ്ടിക്കുമ്പോഴും ഈ വിഭാഗത്തിൽ വിപണി വിഹിതം നിലനിർത്താൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 37% വർധനയോടെ 43,441 യൂണിറ്റായിരുന്നു 2017 — 18ൽ കമ്പനിയുടെ വിൽപ്പനയെന്നും അദ്ദേഹം അറിയിച്ചു; അശോക് ലേയ്ലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന എൽ സി വി വിൽപ്പനയുമാണിത്. ‘ദോസ്തി’നൊപ്പം ‘ദോസ്ത് പ്ലസ്’ കൂടി അവതരിപ്പിക്കാനായതും കഴിഞ്ഞ വർഷത്തെ നേട്ടമാണെന്നു സേഥ് വിലയിരുത്തി. 

പോരെങ്കിൽ എൽ സി വി വിഭാഗത്തിൽ പ്രവേശിച്ച ശേഷം ഇതാദ്യമായി പ്രതിമാസ വിൽപ്പന 5,000 യൂണിറ്റിലെത്തിക്കാനും അശോക് ലേയ്ലൻഡിനു കഴിഞ്ഞു. കഴിഞ്ഞ മാസത്തെ വിൽപ്പനയിലാണു കമ്പനി ഈ നേട്ടം കൈവരിച്ചത്. വിദേശ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള വാഹനങ്ങൾ അവതരിപ്പിക്കാനും അശോക് ലേയ്ലൻഡിനു പദ്ധതിയുണ്ടെന്നും സേഥ് വെളിപ്പെടുത്തി.