ആക്ടീവയുടെ വിജയം ആവർത്തിക്കാൻ ഗ്രാസ്യ

Honda Grazia

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ പുത്തൻ 125 സി സി സ്കൂട്ടറായ ‘ഗ്രാസ്യ’യുടെ ഇതുവരെയുള്ള വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞ നവംബർ എട്ടിന് അരങ്ങേറ്റം കുറിച്ച ‘ഗ്രാസ്യ’ നിരത്തിലെത്തി ആറു മാസം പൂർത്തിയാക്കും മുമ്പാണു ‘ഗ്രാസ്യ’ ഈ നേട്ടം കൈവരിച്ചത്.  എൻജിൻ കടമെടുത്തത് ‘ആക്ടീവ 125’ സ്കൂട്ടറിൽ നിന്നാണെങ്കിലും രൂപകൽപ്പനയിലെ പുതുമയും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെയുള്ള പുതുമകളുമാണ് ‘ഗ്രാസ്യ’യ്ക്കു നേട്ടമായത്. പൂർണ തോതിലുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോളും എൽ ഇ ഡി ഹെഡ്ലാംപുമൊക്കെയായി എത്തിയ ആദ്യ സ്കൂട്ടറായ ‘ഗ്രാസ്യ’യ്ക്ക് വിപണിയിൽ മികച്ച വരവേൽപ്പാണു ലഭിച്ചത്.

എൽ ഇ ഡി ഹെഡ്ലാംപും ഡിജിറ്റൽ മീറ്ററും മൂന്നു ഘട്ട ഇകോ സ്പീഡ് ഇൻഡിക്കേറ്ററും ആധുനിക രൂപകൽപ്പനയുമൊക്കെ ചേർന്നാണു ‘ഗ്രാസ്യ’യെ വേറിട്ടു നിർത്തുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. പ്രധാനമായും യുവാക്കളാണ് ‘ഗ്രാസ്യ’യെ ഏറ്റെടുത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മികവു തെളിയിച്ച 125 സി സി ഹോണ്ട എൻജിനും തകർപ്പൻ രൂപകൽപ്പയുമായി എത്തിയ ‘ഗ്രാസ്യ’യ്ക്ക് 8.52 ബി എച്ച് പി വരെ കരുത്തും 10.54 എൻ എം വരെ കരുത്തും സൃഷ്ടിക്കാനാവും. ഓട്ടമാറ്റിക് സി വി ടി ട്രാൻസ്മിഷനാണു ‘ഗ്യ്രാസ’യിലുമുള്ളത്. ടെലിസ്കോപിക് മുൻ സസ്പെൻഷൻ, അലോയ് വീൽ, കോംബി ബ്രേക്ക് സംവിധാനം, സീറ്റിനടിയിൽ 18 ലീറ്റർ സംഭരണ സ്ഥലം, കബ്വി ഹോൾസ് വഴി കൂടുതൽ സംഭരണ സ്ഥലം തുടങ്ങിയവയും ‘ഗ്രാസ്യ’ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യൻ വിപണിയിൽ ‘സുസുക്കി അക്സസ് 125’, ‘ടി വി എസ് എൻടോർക് 125’ തുടങ്ങിയവയോടാണു ‘ഗ്രാസ്യ’യുടെ മത്സരം.