പൊലീസ് ക്യാമറയ്ക്ക് നേരെ ‘അശ്ലീല ആംഗ്യം’: ഡ്രൈവർക്ക് 8 മാസം തടവ്

Timothy Hill

ഒാടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് പൊലീസ് സ്പീഡ് ക്യാമറയെ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് തടവുശിക്ഷ. ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക് ഷെയറിലാണ് സംഭവം നടന്നത്. മൂന്നു തവണ അശ്ലീല ആംഗ്യകാണിക്കുന്ന ചിത്രവും പൊലീസ് പുറത്തുവിട്ടു.  ഇതേ തുടർന്നാണ് കോടതി ഡ്രൈവർക്ക് എട്ടുമാസം തടവും ശിക്ഷ വിധിച്ചത്. കൂടാതെ ഒരു വർഷത്തേക്ക് ലൈസൻസും റദ്ദാക്കി.

ഇംഗ്ലണ്ടിലെ ഒരു കമ്പനി ഡയറക്ടറായ ടിമോത്തി ഹിൽ എന്ന 67 കാരനെയാണ് കോടതി ശിക്ഷിച്ചത്. നോർത്ത് യോർക്ക് ഷെയർ പൊലീസിന്റെ മൊബൈൽ സ്പീഡ് ക്യാമറ വാനിന് നേരെയാണ് തിമോത്തി ആംഗ്യം കാണിച്ചത്. പൊലീസിനെ കബളിപ്പിക്കാനായി ലേസർ ക്യാമറയും തിമോത്തി തന്റെ റേഞ്ച് റോവറിൽ ഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിന്റെ വിധിയാണ് കോടതി ഇപ്പോൾ പ്രഖ്യാപിച്ചത്. 

വാഹനത്തിൽ ലേസർ ജാമറിന്റെ സാന്നിധ്യം മനസിലാക്കിയ പൊലീസ് പരിശോധനയ്ക്ക് സമീപിച്ചെങ്കിലും ജാമർ തിമോത്തി നദിയില്‍ എറിഞ്ഞുവെന്നും തുടർന്ന് നടന്ന ചോദ്യം ചെയ്യലില്‍ വാഹനത്തിൽ ജാമറുണ്ടായിരുന്ന വിവരം സമ്മതിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം.