ആൾട്ടോയെ പിടിക്കാൻ പുതിയ സാൻട്രോ, കൂടുതൽ വിവരങ്ങൾ പുറത്ത്

Hyundai ix20, Representative Image

മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ കാർ ഓട്ടോയുമായി വീണ്ടുമൊരങ്കത്തിന് സാൻട്രോ എത്തും  ചെറുകാർ സെഗ‍്മെന്റിലേയ്ക്കാണ് മത്സരിക്കുകയെങ്കിലും മസ്കുലറായ രൂപമായിരിക്കും പുതിയ സാൻട്രോയുടെ ഹൈലൈറ്റ്. അകത്തളത്തിലെ സ്ഥലസൗകര്യവും ഉയർന്ന സീറ്റ് ക്രമീകരണവുമൊക്കെയായി എതിരാളികളെ ഞെട്ടിക്കാൻ പോന്ന പുതുമകളോടെയാവും ‘എഎച്ച് ടു’വിന്റെ വരവ്. ‘എഎച്ച് ടു’വിന്റെ വ്യാപാര നാമം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂവിന്റെ പക്ഷം. എങ്കിലും ആരാധകരുടെയും കാർ പ്രേമികളുടെയുമൊക്കെ സമ്മർദത്തിനു വഴങ്ങി ‘സാൻട്രോ’ എന്ന പേരു തിരിച്ചെത്തിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നുമില്ല.  

നിലവിൽ ഹ്യുണ്ടേയ് ശ്രേണിയിലെ എൻട്രി ലവൽ മോഡലായ ‘ഇയോണി’നു പകരക്കാരനായിട്ടാവും ‘എഎച്ച് ടു’വിന്റെ വരവ്. അടുത്ത വർഷം പ്രാബല്യത്തിലെത്തുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ചെലവു കുറഞ്ഞ ‘എച്ച് എ’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘ഇയോണി’നു സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ആദ്യ തലമുറ ‘ഐ ടെന്നി’ന് അടിത്തറയായതും ദൃഢതയേറിയതുമായ ‘പി എ’ പ്ലാറ്റ്ഫോം ആധാരമാക്കി ഹ്യുണ്ടേയ് ‘എഎച്ച് ടു’ സാക്ഷാത്കരിക്കുന്നത്. 

കാറിനു കരുത്തേകുക ‘സാൻട്രോ’യിലുണ്ടായിരുന്ന നാലു സിലിണ്ടർ ‘എപ്സിലൊൺ’ എൻജിന്റെ പരിഷ്കൃത രൂപമാവും; എൻജിന്റെ ശേഷി 1.2 ലീറ്ററായി ഉയർത്തുന്നതിനൊപ്പം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കാനും ഹ്യുണ്ടേയ് ശ്രമിച്ചിട്ടുണ്ട്. ഇതോടൊപ്പം കമ്പനി ആദ്യമായി വികസിപ്പിച്ച ‘ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും ഈ കാറിലൂടെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ. ‘ഇയോണി’നു പകരമാവാൻ ഈ പുതിയ കാർ എന്നെത്തുമെന്ന് ഹ്യുണ്ടേയ് വ്യക്തമാക്കുന്നില്ല; എങ്കിലും ഈ ദീപാവലിക്കു നിറപ്പകിട്ടേകാൻ പുത്തൻ ‘സാൻട്രോ’യുമുണ്ടാവും