‘ഹിമാലയൻ ഒഡീസി 2018’ ജൂലൈ 5 മുതൽ

Himalayan Odyssey

ഹിമാലയ ശൃംഗങ്ങൾ കീഴടക്കാൻ അവസരമൊരുക്കുന്ന ‘ഹിമാലയൻ ഒഡീസി’യുടെ 15—ാം പതിപ്പ് റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചു. എൻഫീൽഡ് മോട്ടോർ സൈക്കിളുകളിൽ 18 ദിവസം കൊണ്ട് 2,200 കിലോമീറ്റർ താണ്ടാൻ ലക്ഷ്യമിടുന്ന ‘ഹിമാലയൻ ഒഡീസി 2018’ ജൂലൈ അഞ്ചു മുതൽ 22 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.  രാജ്യമെങ്ങും നിന്നുള്ള റൈഡർമാർക്ക് ‘ഹിമാലയൻ ഒഡീസി’യിൽ പങ്കാളിയാവാൻ അവസരമുണ്ടെന്നും ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് വ്യക്തമാക്കി. 

‘ഹിമാലയൻ ഒഡീസി’യുടെ 15—ാം പതിപ്പിന്റെ തുടക്കം ഡൽഹിയിൽ ഇന്ത്യാ ഗേറ്റിൽ നിന്നാവും. തുടർന്നു ലഡാക്കിലെ ഖർദുംഗ്ല പാസിലേക്കാണ് ബൈക്കുകളുടെ പ്രയാണം. സമുദ്ര നിരപ്പിൽ നിന്ന് 17,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഖർദുംഗ്ല പാസ് ലോകത്തു തന്നെ ഗതാഗതം സാധ്യമായ ഏറ്റവും ഉയർന്ന റോഡാണ്. റോയൽ എൻഫീൽഡ് വെബ്സൈറ്റ് മുഖേനയാണു ‘ഹിമാലയൻ ഒഡീസി’ക്കുള്ള റജിസ്ട്രേഷനുകൾ സ്വീകരിക്കുക; വനിതകൾക്കായി പ്രത്യേക ‘ഹിമാലയൻ ഒഡീസി — വിമൻ 2018’ വിഭാഗവുമുണ്ട്. മേയ് നാലു മുതലാണു റജിസ്ട്രേഷന് അവസരമെന്നും കമ്പനി അറിയിച്ചു. 

തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് 2018ലെ ‘ഹിമാലയൻ ഒഡീസി’യിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക; വനിതാ വിഭാഗത്തിൽ 20 പേർക്കും കമ്പനി ഖർദുംഗ്ല പാസ് യാത്രയ്ക്ക് അവസരം നൽകും. ഡൽഹിയിലെ ഫ്ളാഗ് ഓഫ് ഒരുമിച്ചാവുമെങ്കിലും വ്യത്യസ്ത റൂട്ടുകളിലൂടെയാണ് പുരുഷ, വനിതാ ‘ഹിമാലയൻ ഒഡീസി’കൾ പുരോമഗിക്കുക. ഒടുവിൽ ലേയിൽ സംഗമിച്ച ശേഷം ഇരു സംഘങ്ങളും ഥോയ്സിലേക്കുള്ള മാർഗമധ്യേയുള്ള ഖർദുംഗ്ല പാസിലേക്കു നീങ്ങും.