യൂറോപ്പിൽ ഡീസൽ വിൽപ്പന നിർത്തുമെന്നു നിസാൻ

യൂറോപ്പിലെ ഡീസൽ കാർ വിൽപ്പന ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസാൻ ഒരുങ്ങുന്നു. കർശന നിയന്ത്രണങ്ങൾ നടപ്പാവുന്നതും ഉയർന്ന നികുതി ഈടാക്കുന്നതുമൊക്കെ ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഡീസൽ കാറുകൾക്കുള്ള ആവശ്യം ഇടിക്കുമെന്നാണു നിസാന്റെ വിലയിരുത്തൽ. ഈ സാധ്യത മുന്നിൽ കണ്ടാണു ക്രമേണ ഡീസൽ കാറുകളുടെ വിൽപ്പന തന്നെ അവസാനിപ്പിക്കാൻ കമ്പനി തയാറെടുക്കുന്നത്.

അതേസമയം യൂറോപ്പിൽ നിന്ന് ഉടനടി പ്രാബല്യത്തോടെ ഡീസൽ കാറുകൾ പിൻവലിക്കില്ലെന്നു നിസാൻ വ്യക്തമാക്കി; ഘട്ടം ഘട്ടമായി മാത്രമാവും ഡീസൽ മോഡലുകളുടെ പിൻമാറ്റം. യൂറോപ്പിൽ ഡീസലിന് ആവശ്യക്കാരില്ലാതാവുന്നതോടെ സണ്ടർലൻഡ് ശാലയിൽ നൂറുകണക്കിനു തൊഴിലവസരം നഷ്ടമാവുമെന്നും ആശങ്കയുണ്ട്; നിസാന്റെ സണ്ടർലൻഡ് ശാല  ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാണശാലയാണ്.

പരിസ്ഥിതി മലിനീകരണ സാധ്യതയേറിയ ഡീസൽ എൻജിനുകളോട് ലോകമെങ്ങുമുള്ള സർക്കാരുകൾ കർക്കശ നിലപാട് സ്വീകരിച്ചു തുടങ്ങിയതാണ് ഇത്തരം കാറുകൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. വൈദ്യുത വാഹന വിഭാഗത്തിൽ കനത്ത നിക്ഷേപം നടത്തിയും മറ്റും ഡീസൽ വാഹന വിഭാഗത്തിൽ നിന്നു പിൻമാറാനാണു വിവിധ നിർമാതാക്കൾ തയാറെടുക്കുന്നത്.  ഡീസൽ എൻജിനുകളുടെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ കൃത്രിമം കാട്ടി 2015 മധ്യത്തിൽ ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങി കനത്ത സാമ്പത്തിക നഷ്ടം നേരിട്ട ജർമൻ നിർമാതാക്കളായ ഫോക്സ്വാഗനും ഈ മേഖലയിൽ നിന്നു പിന്തിരിയാനുള്ള തയാറെടുപ്പിലാണ്. 

അതേസമയം കാലക്രമേണ ഡീസൽ വിൽപ്പന നാമമാത്രമാവുമെന്നാണു നിസ്സാന്റെ വിലയിരുത്തൽ. എന്നാൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ഡീസൽ കാർ വിൽപ്പനയിൽ വൻതിരിച്ചടിയൊന്നും നേരിടുമെന്നു കമ്പനി കരുതുന്നില്ല. ആധുനിക ഡീസൽ എൻജിൻ സഹിതമുള്ള നിസ്സാൻ മോഡലുകൾ വിൽപ്പനയിൽ തുടരുമെന്നും കമ്പനി വിശദീകരിക്കുന്നു. എന്നാൽ വൈദ്യുത മോഡലുകൾ ചുവടുറപ്പിക്കുന്നതോടെ യാത്രാവാഹനങ്ങളിൽ നിന്നു ഡീസൽ എൻജിനുകൾ ക്രമേണ പിൻവാങ്ങുമെന്നും നിസാൻ വെളിപ്പെടുത്തുന്നു. യൂറോപ്പിലെ വാഹന വിപണികളിൽ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടനിൽ ഡീസൽ കാർ വിൽപ്പനയിൽ ഗണ്യമായി ഇടിവു രേഖപ്പെടുത്തുന്നുണ്ട്.